ജീവിക്കുന്ന ഫോസിലുകള്‍ എന്നറിയപ്പെടുന്ന ജീവലോകത്തെ തന്നെ അത്ഭുതമാണ് 270 ദശലക്ഷം വര്‍ഷങ്ങളായി പരിണാമത്തിനു വിധേയമാകാതെ നിലകൊള്ളുന്ന ജിന്‍കോ എന്ന സസ്യം. 1945ല്‍ ജപ്പാനിലെ അമേരിക്ക പ്രയോഗിച്ച അണുബോംബിനെ പോലും അതിജീവിച്ച ചരിത്രം ഇതിനുണ്ട്.
ആദ്യ കാലങ്ങളില്‍ ചൈനയില്‍ ഒരു ചെറിയ ഭൂപ്രദേശത്തു ഒരു തനതു സസ്യമായി തുടര്‍ന്നു പോന്നിരുന്ന ജിന്‍കോ, യൂറോപ്യന്‍മാരുടെ ചൈന സന്ദര്‍ശനത്തോടെ അവിടെ നിന്നും യൂറോപ്പിലും പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ബുദ്ധമതത്തില്‍ പ്രത്യേക സ്ഥാനമുള്ളവയാണ് ഇവ, അതിനാല്‍ തന്നെ അതീവ ശ്രദ്ധയോടെ ബൗദ്ധര്‍ ഇവയെ പരിപാലിച്ചു പോന്നിരുന്നു.
ഇപ്പോള്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള ജിന്‍കോ കാണപ്പെടുന്നത് ചൈനയില്‍ ആണ്, 1500 വര്‍ഷമാണ് ഇതിന്റെ പഴക്കം. കാണാനും അതിമനോഹരമാണ് ജിന്‍കോ, വിശറി ആകൃതിയില്‍ ഇളം പച്ച നിറത്തോടു കൂടിയ ഇലകള്‍ ആണ് ജിന്‍കോക്ക് ഒരു വശ്യ സൗന്ദര്യം കൊടുക്കുന്നത്.
ഇതിനാല്‍ തന്നെ പൂന്തോട്ടങ്ങളില്‍ ഉദ്യാന സസ്യമായും വലിയ സ്ഥാനമാണ് ഇവയ്ക്കുള്ളത്. ആണ്‍ പെണ്‍ മരങ്ങള്‍ വ്യത്യസ്തമായി ഉണ്ടെങ്കിലും, മൂപ്പെത്തിയ കായകള്‍ ഒരല്പം ദുര്‍ഗന്ധം വമിക്കുന്നതാകയാല്‍ പെണ്‍ മരങ്ങള്‍ ഉദ്യാന സസ്യങ്ങള്‍ ആയി അധികം ഉപയോഗിക്കുന്നില്ല. തണുത്ത കാലാവസ്ഥയാണ് ജിന്‍കോക്കു പഥ്യം.
ശരത്കാലം ആവുന്നതോടെ ഇലകള്‍ എല്ലാം സ്വര്‍ണ വര്‍ണമാവുകയും പൊഴിഞ്ഞു പോവുകയും ചെയ്യും. സ്വര്‍ണ വര്‍ണമുള്ള ജിങ്കോയിലകള്‍ മരത്തിനു ചുറ്റും പരന്നു കിടക്കുന്നതും നയന മനോഹരമാണ്. ചൈനയിലെയും ജപ്പാനിലെയും ബുദ്ധമതാശ്രമങ്ങളില്‍ സ്ഥിര സാന്നിധ്യമാണ് ജിന്‍കോ. ദക്ഷിണേന്ത്യയില്‍ പലയിടത്തും ഈ വൃക്ഷം വച്ചുപിടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെകിലും മിക്കതും ഇവിടത്തെ മിതോഷ്ണ കാലാവസ്ഥയില്‍ വളരാതെ പോവുകയായിരിന്നു.
ജിന്‍കോയുടെ അതിജീവനത്തിനു മറ്റൊരുദാഹരണമാണ് ജപ്പാനിലെ ഹിരോഷിമയിലുള്ളത്. 1945 ഓഗസ്‌റ് 6 ലെ അമേരിക്കയുടെ അണു ബോംബ് പ്രയോഗത്തില്‍, ബോംബ് പതിച്ച സ്ഥലത്തിന് രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍വ്വ ചരാചരങ്ങളും നാമാവശേഷമായപ്പോയി. പിന്നീട് സെപ്റ്റംബറില്‍ ഈ പ്രദേശത്തു നടത്തിയ പര്യവേഷണത്തില്‍ ഈ മഖലയില്‍ ആറോളം ജിന്‍കോ വൃക്ഷങ്ങള്‍ ജീവനോടെ നിലനില്‍ക്കുന്നതായി കണ്ടെത്തി. മുച്ചൂടും കരിഞ്ഞു പോയവയില്‍ നിന്നും പുനര്‍ജീവനം ചെയ്തവയായിരുന്നു അവ.
അതിനാല്‍ തന്നെ ജിന്‍കോ ജപ്പാന്‍കാര്‍ക്ക് പ്രതീക്ഷയുടെ പ്രതീകമാണ്. പ്രകൃതി നിര്‍ധാരണത്തിന്റെ പോരാട്ടവീഥികളില്‍ കഴിഞ്ഞ 270 ദശലക്ഷം വര്‍ഷങ്ങള്‍ വിജയശ്രീലളിതമായി, അചഞ്ചലമായി നില്‍ക്കുന്ന ജിന്‍കോ ജൈവലോകത്തെ തളരാത്ത പോരാളിയാണ്. അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ജിന്‍കോ ജീവിക്കുന്ന ഫോസില്‍ മാത്രമല്ല ജീവിക്കുന്ന ഇതിഹാസവുമാണെന്ന് പറയേണ്ടി വരും.
Get real time update about this post categories directly on your device, subscribe now.