മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ദില്ലി കേന്ദ്രീകരിച്ച് ഒഴുകുന്നത് കോടികള്‍; ഇടനിലക്കാരായി രാഷ്ട്രീയ നേതാക്കള്‍

ദില്ലി: എല്ലാ കാലത്തും അഴിമതിയുടെ കൂത്തരങ്ങാണ് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖല. കോളേജിന് അംഗീകാരം നേടാനും സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു കിട്ടാനുമായി ദില്ലി കേന്ദ്രീകരിച്ച് ഒഴുകുന്നത് കോടികളാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് മെഡിക്കല്‍ കോളേജ് ഉടമകളെയും ദില്ലിയിലെ വന്‍ സ്രാവുകളെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാര്‍. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കതിരെ ഉയര്‍ന്ന അഴിമതി ആരോപണം സാധുകരിക്കാനുതകുന്നതാണ് ഈ രംഗത്തെ അഴിമതിയുടെ ചരിത്രം.

2010ല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തലവനായിരുന്ന കേതന്‍ ദേശായിയെ 2 കോടി രൂപ കൈക്കൂലി കൈപ്പറ്റിയതിന് സിബിഐ അറസ്റ്റ് ചെയ്തു. പാട്യാലയിലെ ഗ്യാന്‍ സാഗര്‍ മെഡിക്കല്‍ കോളേജ് വൈസ് പ്രസിഡണ്ടില്‍ നിന്നും കോളേജിന് അംഗീകാരം നല്‍കാനാണ് കോഴ വാങ്ങിയത്. ഇടപാടില്‍ ഇടനിലക്കാരനായിരുന്നു കന്‍വാല്‍ സിങ്ങ് എന്നയാളെയും അന്ന് സിബിഐ അറസ്റ്റ് ചെയ്തു. എംസിഐ മേധാവികളും ഇടനിലക്കാരും അതിനിടയില്‍ മെഡിക്കല്‍ വിദ്യാഭ്യസ രംഗം നിയന്ത്രിക്കാന്‍ കമ്മീഷനുകളും മാറിമാറി വന്നെങ്കിലും അഴിമതി മാത്രം മാറിയില്ല.

ആരോഗ്യകുടുംബക്ഷേമ കാര്യങ്ങള്‍ പരിശോധിക്കുന്ന പാര്‍ലമെന്റ് സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ 92-മത് റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്ന് ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോളേജ് അനുവദിക്കാനും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനും അധികൃതര്‍ വന്‍ തുക കോഴ കൈപ്പറ്റുന്നു എന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. ഹര്‍ഷ വര്‍ദ്ധന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഴിമതിയുടെ കേന്ദ്രമാണെന്ന് പ്രതികരിച്ചിരുന്നു. അഴിമതി ഇല്ലാതാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെയും അഴിമതി കാരണമാണ് ഇതുവരെ മെഡിക്കല്‍ കോളേജ് തുടങ്ങാതിരുന്നതെന്ന സിംബയോസിസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ഡോ. എസ് ബി മജുംദാറിന്റെ പ്രസ്താവന ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News