വീട്ടമ്മയുടെ ആത്മഹത്യാശ്രമം; കേസ് ഒതുക്കി തീര്‍ക്കാന്‍ എം വിന്‍സെന്റ് എംഎല്‍എയുടെ നീക്കം; പേര് പുറത്തുവന്നാല്‍ താനും ആത്മഹത്യ ചെയ്യുമെന്ന് വിന്‍സെന്റിന്റെ ഭീഷണി; ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: വീട്ടമ്മയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ ശ്രമം. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് വീട്ടമ്മ മൊഴി നല്‍കണമെന്നാണ് എംഎല്‍എയുടെ ആവശ്യം.

പരാതിക്കാരിയുടെ സഹോദരനുമായി ബന്ധപ്പെട്ടാണ് എംഎല്‍എയുടെ ശ്രമം. ഇതിന്റെ ഭാഗമായി വിന്‍സെന്റ് യുവതിയുടെ സഹോദരനെ ഫോണില്‍ വിളിക്കുന്നതിന്റെ സംഭാഷണം പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

തന്റെ പേര് പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യുമെന്ന് വിന്‍സെന്റും സംഭാഷണത്തില്‍ പറയുന്നുണ്ട്. ‘ഞാനൊരു കാര്യം പറയാം എന്തെങ്കിലും രീതിയിലുള്ള വാര്‍ത്തയോ മറ്റോ വന്നാല്‍ ഞാന്‍ ജീവിച്ചിരിക്കില്ല. 100 ശതമാനം.’ എംഎല്‍എയുടെ ആവശ്യപ്രകാരം താന്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ സഹോദരന്‍ പറയുന്നതും സംഭാഷണത്തിലുണ്ട്.

നെയ്യാറ്റിന്‍കര സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിന്‍സെന്റ് എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരിക്കുന്നത്. എംഎല്‍എ ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്നും തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടിലാണ് അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥ അജിതാ ബീഗം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News