മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഫലം കണ്ടു; നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി; അടിസ്ഥാന ശമ്പളം 20000 രൂപ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നഴ്‌സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപയാക്കി നിശ്ചയിച്ചു. അമ്പതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കാന്‍ സെക്രട്ടറി തല സമിതിയെ നിയോഗിച്ചു. ട്രെയിനി നഴ്‌സുമാരുടെ സ്‌റ്റൈപ്പന്റ്, ട്രെയിനിങ് പിരിയഡ് എന്നിവയും സമിതി പരിശോധിക്കും.

സ്വകാര്യ അശുപത്രികളിലെ നഴ്‌സുമാരുടെ ഏറെ കാലത്തെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നഴ്‌സുമാരുടെ ആവശ്യത്തിന് മുന്നില്‍ മാനേജ്‌മെന്റ് മുട്ടിമടക്കി. അമ്പതു കിടക്കകള്‍ വരെയുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം ഇരുപതിനായിരം രൂപയാക്കിയാണ് നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ തൊഴില്‍ നിയമ സെക്രട്ടറിമാരും ലേബര്‍ കമ്മീഷണറും ഉള്‍പ്പെടുന്നതാണ് സമിതി. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ മിനിമം വേതന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. ട്രെയിനി നഴ്‌സുമാരുടെ സ്‌റ്റൈപ്പന്റ് കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതും ട്രെയിനിങ് പിരിയഡ് സംബന്ധിച്ച കാര്യവും സെക്രട്ടറിതല സമിതി പരിശോധിക്കും.

സര്‍ക്കാര്‍ തീരുമാനത്തില്‍ പൂര്‍ണ തൃപ്തരാണെന്നും സമരം അവസാനിപ്പിച്ചതായും നഴ്‌സിംഗ് സംഘടനകള്‍ പ്രതികരിച്ചു. സമരം ചെയ്ത നഴ്‌സുമാര്‍ക്ക് നേരെ പ്രതികാര നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റുകളോട് നിര്‍ദേശിച്ചു. സമരം അവസാനിപ്പിക്കാനായി വി.എസ് അച്യുതാനന്ദനും നഴ്‌സുമാരുടെ സമരപ്പന്തലിലെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News