കാവിയില്‍ പൊതിഞ്ഞ കോഴ; വിനോദിനെ പുറത്താക്കി മുഖം രക്ഷിക്കാന്‍ ബി ജെ പി; ഉന്നത നേതാക്കളെ രക്ഷിക്കാനും ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബിജെപിയ പിടിച്ചുലച്ച കോഴവിവാദത്തില്‍ മുഖം രക്ഷിക്കല്‍ നടപടിയുമായി നേതൃത്വം. കോഴ വിവാദത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുടുങ്ങിയ എം ടി രമേശടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കൈകൊള്ളുന്നത്. വര്‍ക്കലയിലെ സ്വാശ്രയ കോളേജിന് 150 സീറ്റുകള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി 15 കോടി കോഴി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായിരുന്ന നേതാവിനെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നീക്കമാണ് ബി ജെ പിയില്‍ നടക്കുന്നത്.

15 കോടി ആവശ്യപ്പെട്ടതില്‍ 5കോടി 60 ലക്ഷം രൂപ നേതാക്കള്‍ക്ക് വേണ്ടി കൈപറ്റിയ ബി ജെ പി സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് കുമ്മനം നടപടി വിശദീകരിച്ചത്.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുള്ള വിനോദിന്റെ പ്രവര്‍ത്തി മാപ്പര്‍ഹിക്കാത്ത അച്ചടക്ക ലംഘനവും ഗുരുതരമായ പാര്‍ട്ടി വിരുദ്ധ നടപടിയുമാണെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കുന്നു. സംഭവത്തെപ്പറ്റി കേന്ദ്ര നേതൃത്വം അന്വേഷിക്കുമെന്നും കുമ്മനം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം എം ടി രമേശടക്കമുള്ള നേതാക്കള്‍ക്ക് കോഴവാങ്ങിയതില്‍ നേരിട്ട് പങ്കുണ്ടെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എം ടി രമേശടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ബി ജെ പിയില്‍ ശക്തമാകവെയാണ് വിവാദം ഒതുക്കിതീര്‍ക്കാനുള്ള സംസ്ഥാന പ്രസിഡന്റിന്റെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here