കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അറസ്റ്റില്‍. ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
രാവിലെ 10 മണിയോടെയാണ് പ്രതീഷ് ചാക്കോ ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്. ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതീഷ് ചാക്കോയെ വിശദമായി ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും ഉള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചക്കോയെ ഏല്‍പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.
പിന്നീട് നടത്തിയ റെയ്ഡില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നിന്ന് മെമ്മറി കാര്‍ഡ് കണ്ടെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതു സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീഷ് ചാക്കോയില്‍ നിന്ന് ചോദിച്ചറിഞ്ഞത്.
ദിലീപുള്‍പ്പടെ സിനിമാ മേഖലയിലെ പലരുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചുവെന്നാണ് വിവരം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്തു. എന്നാല്‍ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതീഷ് ചാക്കോ ചെയ്തിട്ടുള്ളതെന്നും ചോദ്യം ചെയ്യലിനിടെ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തുവെന്ന് വ്യക്തമായാല്‍ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Get real time update about this post categories directly on your device, subscribe now.