സ്വകാര്യ സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്; 400 ലധികം പേര്‍ തട്ടിപ്പിനിരയായി

പത്തനംതിട്ട: റാന്നിയില്‍ സ്വകാര്യ പണ ഇടപാട് സ്ഥാപനത്തിന്റെ മറവില്‍ 30 കോടിയില്‍ പരം രൂപയുടെ നിക്ഷേപതട്ടിപ്പ് നടന്നതായി പരാതി . കടന്നുകളഞ്ഞ സ്ഥാപന ഉടമക്കെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ ഇവരെ കണ്ടെത്താന്‍ സാധിക്കുമെന്നുമാണ് പൊലീസ് നല്‍കിയ വിവരം. സാധാരണക്കാര്‍ മുതല്‍ പ്രവാസികള്‍ വരെയാണ് തട്ടിപ്പിന് ഇരയായത്.
റാന്നി ചെറുകോല്‍ വാഴക്കുന്നത്ത് പ്രവര്‍ത്തിച്ചിരുന്ന തേവല്‍വേലില്‍ ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഉടമകളായ ഷാജി എന്നറിയപ്പെടുന്ന കെ വി മാത്യു, ഭാര്യ ആനി മാത്യു, ഇവരുടെ മകന്‍ വിവേക് മാത്യുവും ചേര്‍ന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെതന്നാണ് പരാതി. പണ നിക്ഷേപം സ്വര്‍ണ പണയം എന്നീ ഇനങ്ങളില്‍ 400ല്‍പരം പേരില്‍ നിന്ന് 30 കോടിയോളം തട്ടിയെന്നാണ് ആരോപണം. നോട്ട് അസാധുവാക്കല്‍ മൂലം സ്ഥാപനം പ്രതിസന്ധിയിലാണെന്ന് ഇവര്‍ നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് തന്നെ ഇവര്‍ നിക്ഷേപത്തുക വിദേശത്തേക്ക് കടത്തുകയും നാട്ടില്‍ വിവിധ ഇടങ്ങളില്‍ ബിനാമി നിക്ഷേപം നടത്തുകയും ചെയ്‌തെന്നുമാണ് ആരോപണം. പണം തിരികെ നല്‍കുന്നത് സംബന്ധിച്ച് പൊലീസ് മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെങ്കിലും ഇതിനായുള്ള തീയതിക്ക് മുന്പ് ഇവര്‍ കടന്നുകളയുകയായിരുന്നു. സ്ഥാപന ഉടമകള്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് പൊലീസിന് വിവരം നല്‍കിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here