ലക്ഷങ്ങള്‍ വിലയുള്ള ഹാഷിഷ് ഓയില്‍ പിടികൂടി

അടിമാലി: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി.കുപ്പിയിലാക്കിയ ഹാഷിഷ് ഓയില്‍ എറണാകുളം സ്വദേശികള്‍ക്ക് കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊന്നത്തടി സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്.

ഇടുക്കിമ മുരിക്കാശ്ശേരി പാവനാത്മ കോളേജിന് സമീപത്തു നിന്നുമാണ് ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയത്. കൊന്നത്തടി സ്വദേശികളായ അരീക്കുന്നേല്‍ സജീവ്, അരീക്കുന്നേല്‍ ബാബു എന്നിവരാണ് പിടിയിലായത്.ഇവര്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്ന 600 ഗ്രാം ഹാഷിഷ് ഓയിലും നര്‍ക്കോട്ടിക് സംഘം പിടിച്ചെടുത്തു.

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഈ ഹാഷിഷ് ഓയിലിന് വിദേശവിപണിയില്‍ ഏകദേശം അമ്പത് ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.മുരിക്കാശ്ശേരി മേഖലയിലൂടെ ഹാഷിഷ് കടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് സംഘം നിരീക്ഷണം നടത്തി വരുന്നതിനിടയില്‍ സംശയാസ്പദമായി കണ്ട പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും വലയിലായത്.

കുപ്പിയിലാക്കിയ ഹാഷിഷ് ഓയില്‍ കുടയോട് ചേര്‍ത്ത് ഒളിപ്പിച്ച് പിടിച്ചിരിക്കുകയായിരുന്നു.പിടിയിലായെന്ന് മനസ്സിലായതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നര്‍ക്കോട്ടിക് സംഘം കീഴ്‌പ്പെടുത്തി.എറണാകുളത്തു നിന്നും ഹാഷിഷ് ഓയില്‍ വാങ്ങാനെത്തുമെന്ന് അറിയിച്ചിരുന്ന ഇടനിലക്കാരനു വേണ്ടി പ്രതികള്‍ കാത്ത് നില്‍ക്കുകയായിരുന്നുവെന്ന് നര്‍ക്കോട്ടിക് അധികൃതര്‍ പറഞ്ഞു. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ജി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News