സംസ്ഥാനങ്ങളുടെ ഗതാഗത സ്വാതന്ത്യം എടുത്തുമാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കൂച്ച് വിലങ്ങിട്ട് ഗതാഗത പരിഷ്‌ക്കാര ചട്ടം

ആലപ്പുഴ : സംസ്ഥാനങ്ങളുടെ ഗതാഗത സ്വാതന്ത്യം എടുത്തുമാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞദിവസം ലോക്‌സഭയില്‍ പാസായ പുതിയ ഗതാഗത പരിഷ്‌ക്കാര ചട്ടങ്ങളാണ് സംസ്ഥാനങ്ങള്‍ക്ക് കൂച്ച് വിലങ്ങ് ഇടുന്നത്. പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാകുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് റോഡ് മാര്‍ഗം സര്‍വീസ് നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായിവരും. പരിഷ്‌ക്കാരങ്ങള്‍ മറികടക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുളള ഗതാഗത മന്ത്രിമാര്‍ കേരള ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തില്‍ ആലപ്പുഴയില്‍ ഒത്തുക്കൂടി.

വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ നടന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. ഇത് രാജ്യാസഭാംഗങ്ങള്‍ക്ക് എത്തിച്ചു നല്‍കും. അടുത്തദിവസങ്ങളില്‍ സഭയിലെത്തുന്ന ബില്ലിനെ നഖശിഖാന്തം എതിര്‍ക്കാന്‍ അതത് സംസ്ഥാനങ്ങളില്‍നിന്നുളള എംപിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുമായോ മുഖ്യമന്ത്രിമാരുമായോ ആലോചിക്കാതെ നടപ്പിലാക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്ന പരിഷ്‌ക്കാരങ്ങളോട് ഇതര സംസ്ഥാനങ്ങളിലുളള ബിജെപി സര്‍ക്കാരുകള്‍ക്കും എതിര്‍പ്പാണുളളതെന്ന് തോമസ് ചാണ്ടി പറഞ്ഞു.

ബസ് സര്‍വീസുകള്‍ നടത്തുന്നതിനുളള പാരമാധികാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാതിരിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗതാഗത ചട്ടങ്ങളിലുളള പരാമാധികാരം മറ്റുളള ഏജന്‍സികള്‍ക്കോ വ്യക്തികള്‍ക്കോ നല്‍കാതിരിക്കുക, അപകട ഇന്‍ഷ്വറന്‍സ് തുകയില്‍ പരിമിതി ഏര്‍പ്പെടുത്താനുളള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുളളത്.

കൂടാതെ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നടത്താന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ധാരണയിലായതായി തോമസ് ചാണ്ടി പറഞ്ഞു. ഓണനാളുകളില്‍ സംസ്ഥാനത്തുനിന്നും തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് 50 ഓളം സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച് ധാരണ അതത് സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുമായി ഉണ്ടാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ സര്‍വീസുകള്‍ അഞ്ഞൂറായി വര്‍ദ്ധിപ്പിക്കും. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്ന സ്വദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും കേരളത്തില്‍ എത്താന്‍ ഗതാഗത തടസം ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News