മെഡിക്കല്‍ കോഴ; ബിജെപി കോര്‍ കമ്മിറ്റിയോഗം മാറ്റിവച്ചു

തിരുവനന്തപുരം: ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ സ്വാശ്രയ മെഡിക്കല്‍കോളേജ് കോഴയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതോടെ ആലപ്പുഴയില്‍ ഇന്ന് ചേരാനിരുന്ന പാര്‍ട്ടി കോര്‍ കമ്മിറ്റിയോഗം മാറ്റിവച്ചു. യോഗം ഇന്നും നാളെയും അലപ്പുഴയില്‍ ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സുഖമില്ലാത്തതിനാലാണ് യോഗം മാറ്റിവച്ചതെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. യോഗം നാളെ തിരുവനന്തപുരത്ത് നടക്കും.

കോര്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് തന്നെ ആര്‍എസ്എസിന്റെ ആവശ്യപ്രകാരം അഴിമതി ആരോപണവിധേയനായ ബിജെപി സംസ്ഥാന സഹകരണ സെല്‍ കണ്‍വീനര്‍ ആയ ആര്‍ എസ്സ് വിനോദിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചു. ആര്‍ എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തീരുമാനമാണ് കുമ്മനം രാജശേഖരന്‍ എടുത്തത്. കൂടാതെ ആരോപണത്തെ കുറിച്ച് കേന്ദ്രം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ സിപിഎം കോവളം ഏരിയ കമ്മിറ്റി അംഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് എസ്പി ജയകുമാറിനാണ് അന്വേഷണ ചുമതല.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി കിട്ടാനായി 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയതായി വെളിപ്പെടുത്തുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തായിരുന്നു. വാങ്ങിയ പണം ഡല്‍ഹിയിലേക്കു കുഴല്‍പ്പണമായി അയച്ചതായി ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News