ഹര്‍മന്‍ മിന്നി; ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ 36 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ യോഗ്യത നേടിയത്. ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയോടേറ്റ ദയനീയ തോല്‍വിക്ക് പകരം വീട്ടുക കൂടി ലക്ഷ്യമാക്കി  ഇന്ത്യ ഇറങ്ങിയപ്പോള്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ഓപ്പണര്‍ സ്മൃതി മന്ദാന ഫോം കണ്ടെത്താന്‍ വിഷമിച്ചപ്പോള്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ നിഥാലിയും പൂനം റൗത്തും സാവധാനം കളിച്ചു. ഓസ്ട്രേലിയല്‍ ബൗളര്‍മാര്‍ പിടിമുറുക്കുമെന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ പത്താം ഓവറില്‍ കളത്തിലെത്തിയ ഹര്‍മന്‍ പ്രീത് പതുക്കെ കത്തിക്കയറി.

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയെന്ന തന്ത്രവുമായി ഹര്‍മന്‍പ്രീത് കൗര്‍ കളം നിറഞ്ഞപ്പോള്‍ മികച്ച ബൗളിംഗ് നിരയെന്ന് പേരുകേട്ട ഓസ്‌ട്രേലിയന്‍ നിരയ്ക്ക് കൂടുതല്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പരമ്പരയില്‍ 3ാം സെഞ്ചുറി കുറിച്ച കൗര്‍ 7 സിക്‌സും, 19 ഫോറുമുള്‍പ്പെടെ 115 പന്തില്‍ 171 റണ്‍സ് നേടി.

മഴ മൂലം 42 ഓവറായി ചുരുക്കിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ 40.1 ഓവറില്‍ 245 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും, ജുലാന്‍ ഗോസ്വാമി, ശിഖ പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരം. ഞായറാഴ്ച ലോഡ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News