ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ; വിജിലന്‍സ് അന്വേഷണം ആരംഭിച്ചെന്ന് ലോക്‌നാഥ് ബെഹ്‌റ; പുറത്തുവന്നത് അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണെന്ന് ബൃന്ദ കാരാട്ട്

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ആരോപണത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിജിലന്‍സ് എസ്.പി ജയകുമാറിനാണ് അന്വേഷണച്ചുമതല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, പുറത്തുവന്നത് അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറൊ അംഗം ബൃന്ദാകാരാട്ട് പറഞ്ഞു. അഴിമതി മുക്തഭാരതമെന്ന് പറഞ്ഞവര്‍ അഴിമതിയില്‍ മുങ്ങികുളിച്ചിരിക്കുകയാണ്. അഴിമതിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര്‍ കോളജ് ഉടമയായ ആര്‍. ഷാജിയില്‍നിന്ന്, ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് 5.60 കോടി രൂപ കോഴ വാങ്ങിയെന്നാണ് പരാതി. നേതാക്കള്‍ 5.60 കോടി കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമീഷനാണ് കണ്ടെത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെയും പാര്‍ട്ടി അന്വേഷണ കമീഷനില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണകമീഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആര്‍ ഷാജി ബിജെപി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിമതവിഭാഗം ഇത് ആയുധമാക്കിയതോടെ അന്വേഷണ കമീഷനെ നിയോഗിക്കുകയായിരുന്നു.

സംഭവം പാര്‍ലമെന്റിലും ചര്‍ച്ചയായതോടെ ആര്‍എസ് വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് വിനോദിനെ ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News