ബിജെപി സംസ്ഥാന ഘടകത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രനേതൃത്വം; പ്രമുഖരെ ഒഴിവാക്കി ആര്‍എസ്എസ് നേതാക്കളെ കൊണ്ടുവരാന്‍ ആലോചന

തിരുവനന്തപുരം: കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ സമൂല അഴിച്ച് പണിക്ക് കേന്ദ്ര നേതൃത്വം ഒരുങ്ങുന്നതായി സൂചന. സംസ്ഥാന നേതൃത്വത്തിലെ ചിലരെ ഒഴിവാക്കി ആര്‍എസ്എസില്‍ നിന്ന് നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ ആലോചന ശക്തമായി. എന്നാല്‍ ആരോപണ വിധേയനായ എംടി രമേശിനെ സംരക്ഷിക്കണമെന്ന പൊതുനിലപാടിലേക്ക് ബിജെപി നേതൃത്വം എത്തിയതായാണ് സൂചന.

വിവാദങ്ങള്‍ക്കിടെ ഇന്ന് ചേരേണ്ടിയിരുന്ന ബിജെപി കോര്‍ കമ്മറ്റി യോഗം കുമ്മനത്തിന് പനിയായതിനാല്‍ മാറ്റിവെച്ചു. സംസ്ഥാന സമിതി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. പനിയായതിനാല്‍ താന്‍ ആലപ്പുഴക്ക് ഇല്ല, യോഗം നിങ്ങള്‍ നടത്തിക്കോളു എന്ന് കുമ്മനം കേരളത്തിന്റെ പാര്‍ട്ടി ചുമതലക്കാരന്‍ ബിഎല്‍ സന്തോഷിനെ സന്ധ്യയോടെ അറിയിച്ചെങ്കിലും പ്രസിഡന്റ് ഇല്ലാതെ, ഈ സാഹചര്യത്തില്‍ യോഗം ചേരേണ്ടന്നായിരുന്നു തീരുമാനം.

ഭാരവാഹികളില്‍ പലരും ആലപ്പുഴക്ക് പുറപ്പെട്ട ശേഷമായിരുന്നു അപ്രതീക്ഷിതമായി യോഗം മാറ്റിയ കാര്യം പോലും അറിഞ്ഞത്. ശകുനപിഴകള്‍ പലതും ഇനിയും കണേണ്ടി വരുമെന്നായിരുന്നു ആലപ്പുഴക്ക് യാത്രചെയ്യവേ വഴിയില്‍ വെച്ച് യോഗം മാറ്റിയതറിഞ്ഞ ഒരു നേതാവിന്റെ പ്രതികരണം. നേതൃത്വത്തിന് ശനിയും പാര്‍ട്ടിക്ക് കലിയും ബാധിച്ച ഈ സമയത്തെ എങ്ങനെ മറികടക്കണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.

കോര്‍കമ്മിറ്റി നിലപാട് അറിഞ്ഞ ശേഷം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ മതിയെന്നാണ് സ്ഥിരം ചാനല്‍ മുഖങ്ങള്‍ പറയുന്നത്. ചെറുപ്പുളശേരി മെഡിക്കല്‍ കോളേജ് അഴിമതിയില്‍ ആരോപണ വിധേയനായ എംടി രമേശിനെതിരെ നടപടി എടുക്കേണ്ടതില്ല എന്ന പൊതുധാരണ ഇന്നലെ രാത്രിയോടെ രൂപപ്പെട്ടിട്ടുണ്ട്. രമേശിനെതിരെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാനാവില്ലെന്നതാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ നിലപാട്. ഇതോടെ ശുദ്ധീകരണപ്രകീയ ആര്‍എസ് വിനോദ് എന്ന ചെറിയ മീനിലൊതുങ്ങും എന്ന വ്യക്തമായി കഴിഞ്ഞു.

എന്നാല്‍ ഈ സമരസപെടലിനോട് മുരളീധര വിഭാഗത്തിന്റെ യുദ്ധതന്ത്രം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. വാര്‍ത്ത ചോര്‍ത്തിയെന്ന് ഒരു വിഭാഗം കരുതുന്ന അന്വേഷണ സംഘാഗമായ ഒരു വ്യക്തിക്കെതിരെ നടപടി ഉറപ്പെന്ന് ഒരു മുതിര്‍ന്ന നേതാവ് പീപ്പിളിനോട് പറഞ്ഞു. സമ്മര്‍ദ്ദം സഹിക്കവയ്യാതെ ഒരു വേള അടുപ്പക്കാരോട് രാജിഭീഷണി മുഴക്കിയ കുമ്മനം വൈകിട്ടോടെ നിലപാട് മയപെടുത്തി. എന്നാല്‍ തനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന ചിലരെ ഭാരവാഹികളായി ബിജെപിയിലേക്ക് നിയോഗിക്കണമെന്ന് കുമ്മനം ആര്‍എസ്എസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ആര്‍എസ്എസ് പ്രാന്തകാര്യ സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു എന്നിവരെ ജനറല്‍ സെക്രട്ടറിമാരാക്കണമെന്ന കുമ്മനത്തിന്റെ പഴയ ശുപാര്‍ശ ഫയലിന് ഇന്നലെയോടെ ജീവന്‍വച്ചിട്ടുണ്ട്. കുമ്മനം പ്രസിഡന്റ് ആയെങ്കിലും പഴയ ജനറല്‍ സെക്രട്ടറിമാരെ ആരെയും മാറ്റിയിട്ടില്ല. ഇത് മുന്‍ നിര്‍ത്തി സമൂലമായ അഴിച്ച് പണിക്ക് ആര്‍എസ്എസ് നേതൃത്വം പച്ചകൊടി കാണിച്ചാല്‍ നഷ്ടം ഇരുപക്ഷത്തിനുമാവും.

ആവര്‍ത്തിച്ചുളള താക്കീതുകള്‍ക്ക് ശേഷവും വിഭാഗീയ താല്‍പ്പര്യത്തോടെ ബിജെപി നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന നാല് ജനറല്‍ സെക്രട്ടറിമാരെയും ഒഴിവാക്കി കുടുതല്‍ ആര്‍എസ്എസുകാര്‍ ബിജെപിയില്‍ എത്താന്‍ സാധ്യതയേറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News