രാഷ്ട്രപതി റബര്‍സ്റ്റാമ്പാകരുത്

ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ഭൂരിപക്ഷം നേടി ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായിരിക്കുന്നു. മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് രാജ്യത്തിന്റെ പ്രഥമപൗരനാകുമ്പോള്‍ പ്രഥമപരിഗണന ആര്‍എസ്എസ് അജന്‍ഡയ്ക്കാകുമോ എന്ന ആശങ്ക ശക്തമാണ്. ഡോ രാജേന്ദ്രപ്രസാദ് മുതല്‍ പ്രണബ്കുമാര്‍ മുഖര്‍ജിവരെയുള്ള അതിപ്രഗത്ഭരായ രാഷ്ട്രപതിമാരുടെ രത്‌നഹാരങ്ങളാണ് ഇന്ത്യയുടെ കഴുത്തില്‍. ആ തിളക്കത്തിന് കാരണം മതനിരപേക്ഷതയോടും ഭരണഘടനയോടുമുള്ള അവരുടെ കൂറാണ്.

രാഷ്ട്രപതി വെറുമൊരു റബര്‍സ്റ്റാമ്പല്ല. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവും പ്രഥമ രാഷ്ട്രപതി ഡോ രാജേന്ദ്രപ്രസാദും തമ്മില്‍ രാഷ്ട്രപതിയുടെ അധികാരത്തെയും ഹിന്ദുകോഡ് ബില്ലിനെയും സംബന്ധിച്ചും മറ്റു നിരവധി കാര്യങ്ങളിലും ശക്തമായ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ കത്തുകളിലൂടെയടക്കം അവര്‍ അത് പരസ്പരം ചര്‍ച്ച ചെയ്തു. ഇന്ദിരാഗാന്ധിയുടെ പിന്തുണകൊണ്ടാണ് വി വി ഗിരി രാഷ്ട്രപതിയായതെങ്കിലും 1974ലെ റെയില്‍വേ തൊഴിലാളി പണിമുടക്കിനെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയ വിഷയത്തിലടക്കം അഭിപ്രായവ്യത്യാസമുണ്ടായി. മൊറാര്‍ജി ദേശായിയും രാഷ്ട്രപതി സഞ്ജീവറെഡ്ഡിയും തമ്മിലും കടുത്ത അഭിപ്രായഭിന്നതകള്‍ ഉടലെടുത്തിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ പരസ്യമായി സ്വീകരിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടനപ്രകാരം രാഷ്ട്രപതി ഒരു നാമമാത്ര രാഷ്ട്രത്തലവനാണ്. നയങ്ങള്‍ രൂപീകരിക്കുന്നതും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതും അവ നടപ്പില്‍വരുത്തുന്നതുമെല്ലാം പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും അധികാരാവകാശങ്ങളില്‍പ്പെടുന്ന കാര്യമാണ്. എന്നാല്‍, പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും നല്‍കുന്ന ഫയലുകളില്‍ ഒപ്പിടുന്ന കേവലം യന്ത്രമനുഷ്യനോ പാവയോ അല്ല രാഷ്ട്രപതി. ഓരോ തീരുമാനത്തിലെയും നന്മതിന്മകളെയും വരുംവരായ്കകളെയും വിവച്ഛേദിച്ച് അറിയാന്‍ അവകാശമുള്ള ഉന്നതാധികാരസ്ഥാനീയനാണ്. ആ ബഹുമാനം കൊടുക്കാന്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ബാധ്യസ്ഥരാണ്.

സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നടപടികളും രാഷ്ട്രപതിയെ പ്രധാനമന്ത്രി യഥാകാലം അറിയിക്കണമെന്ന് ഭരണഘടനയുടെ 74, 78, 86 അനുച്ഛേദങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അപ്പപ്പോള്‍ രാഷ്ട്രപതിയെ അറിയിക്കുകയെന്നത് ഒരു സാധാരണ നടപടിക്രമമാണ്. എന്നാല്‍, മന്ത്രിസഭാ തീരുമാനങ്ങളെപ്പറ്റിയുള്ള മിനിട്‌സ് വായിക്കുമ്പോഴോ സര്‍ക്കാരിന്റെ നടപടികളെപ്പറ്റിയോ രാജ്യത്തെ സംഭവങ്ങളെപ്പറ്റിയോ സന്ദേഹമുണ്ടായാല്‍ അതില്‍ വിശദീകരണം തേടാനും ഇടപെടാനുമുള്ള ഉത്തരവാദിത്തം രാഷ്ട്രപതിക്കുണ്ട്. ഭരണഘടനാവിരുദ്ധമായി ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ പ്രത്യേകിച്ചും. ഇന്ന് മോഡിഭരണത്തില്‍ ഇന്ത്യയുടെ മതനിരപേക്ഷതയും ബഹുസ്വരതയും ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു എന്ന വന്‍ വിപത്തുണ്ട്. ഈ വേളയിലാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആര്‍എസ്എസുകാരന്‍ രാഷ്ട്രപതിയായിരിക്കുന്നത്. ഇത് പലനിലയിലും ആശങ്കയുളവാക്കുന്ന സ്ഥിതിവിശേഷമാണ്.

സാമ്പത്തികനയം അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല. എങ്കിലും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യോജിച്ചത് ഇന്ത്യയുടെ രാഷ്ട്രപതിയായി ആര്‍എസ്എസുകാരന്‍ ആകരുതെന്ന വിശാലമായ കാഴ്ചപ്പാടിലാണ്്. വിനാശകരമായ ഒരു അവസ്ഥയിലൂടെ രാജ്യവും ജനങ്ങളും നയിക്കപ്പെടുമ്പോള്‍ അതിനെതിരായ പോരാട്ടം എന്ന നിലയിലാണ് രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളെ കാണേണ്ടത്. ഇപ്പോള്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് പ്രതിപക്ഷത്തുനിന്നടക്കം വിപുലമായ പിന്തുണ ലഭിച്ചിട്ടുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷകക്ഷികളുള്‍പ്പെടെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായിരുന്ന മീരാ കുമാറിനെ പിന്തുണച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഫലം വ്യത്യസ്തമായേനെ. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറല്‍ മേഖല നോക്കിയാല്‍ അത് ബോധ്യമാകും. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സമവായത്തിന് ആത്മാര്‍ഥമായി ശ്രമിക്കാതെ തന്നിഷ്ടം നടപ്പാക്കുകയാണ് ബിജെപി ചെയ്തത്. എന്നിട്ട്, ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് വോട്ട് സമ്പാദിക്കുന്നതിന് കേന്ദ്ര ഭരണസംവിധാനത്തെ ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും കേന്ദ്ര സര്‍ക്കാരും ബിജെപിയും ദുരുപയോഗപ്പെടുത്തി. അങ്ങനെ ചില കക്ഷികളെ പാട്ടിലാക്കി. രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ആശയപരമായ പോരാട്ടമുണ്ടെങ്കിലും ഇതിനെ ഇനി വരാന്‍പോകുന്ന ലോക്‌സഭ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയസഖ്യമായി കണക്കാക്കേണ്ടതില്ല. പല കാലഘട്ടങ്ങളിലും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒരുഭാഗത്ത് നിലയുറപ്പിച്ചിരുന്നു. പലപ്പോഴും രണ്ട് ചേരിയിലായും ഏറ്റുമുട്ടിയിട്ടുമുണ്ട്. ഇപ്പോള്‍ രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ഒരേ സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസും ഇടതുപക്ഷവും പിന്തുണയ്ക്കുന്നതെങ്കിലും ഇതിനെ ഒരു തെരഞ്ഞെടുപ്പ് രാഷ്ട്രീയസഖ്യമായി കാണേണ്ടതില്ല.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ആര്‍എസ്എസുകാരന്‍ രാഷ്ട്രപതിയാകുന്നതിന്റെ ആശങ്കയെപ്പറ്റി നേരത്തെതന്നെ സൂചിപ്പിച്ചു. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി മുതല്‍ വിദേശമന്ത്രി സുഷ്മ സ്വരാജ് വരെ നീളുന്നവരുടെ പട്ടിക തയ്യാറാക്കിയവരെ അമ്പരപ്പിച്ചുകൊണ്ട് രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ഥിയാക്കിയത് ഒന്നും കാണാതെയല്ല. ഇതിനെ ബിജെപിയുടെ ദളിത് സ്‌നേഹമായി വ്യാഖ്യാനിക്കാന്‍ ചില കേന്ദ്രങ്ങള്‍ മുതിരുന്നുണ്ട്. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഡോ. എ പി ജെ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കിയ തന്ത്രം മറ്റൊരുതരത്തില്‍ പയറ്റുകയാണിപ്പോള്‍. ഗുജറാത്ത് കലാപത്തെതുടര്‍ന്നുള്ള ഒറ്റപ്പെടലില്‍നിന്ന് മുഖംരക്ഷിക്കുന്നതിനായിരുന്നു അബ്ദുള്‍കലാമിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് കൊണ്ടുവന്നത്. അതുപോലെതന്നെ മോഡിഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ദളിത് വിഭാഗങ്ങള്‍ സര്‍ക്കാരിനോട് ഏറെ അകന്നിരിക്കുകയാണ്. ചത്തപശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ഗുജറാത്തിലെ ഉനയില്‍ ദളിതരെ ആക്രമിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളെതുടര്‍ന്ന് രാജ്യവ്യാപകമായി സംഘപരിവാറിനെതിരെ ദളിതരുടെയും ആദിവാസികളുടെയും മുന്നേറ്റമുണ്ടായിരിക്കുകയാണ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് ദളിത് വിഭാഗങ്ങളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി കറകളഞ്ഞ ആര്‍എസ്്എസുകാരനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയിരിക്കുന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയല്ല ബിജെപി. ദേശീയ വിമോചനസമരത്തില്‍ക്കൂടി വളര്‍ന്നുവന്ന പുതിയ സാംസ്‌കാരികമൂല്യങ്ങളുടെ പൈതൃകവും ഈ കക്ഷിക്കില്ല. അപസ്മാരജ്വരമുള്ള മുസ്ലിം നിഗ്രഹനയവും ന്യൂനപക്ഷവിരുദ്ധ പ്രചാരണവും പള്ളികള്‍ പൊളിക്കാനുള്ള കലിയുമുള്ള കക്ഷിയാണ് ഇത്. ഹിന്ദുമതത്തിലെ ജീര്‍ണതകള്‍ ഇല്ലാതാക്കാനും ആ മതത്തെ പുനരുദ്ധരിക്കാനും ബ്രിട്ടീഷ് ഭരണകാലംമുതലേ ധാരാളം പരിശ്രമങ്ങള്‍ നടന്നിരുന്നു. സ്വാമി വിവേകാനന്ദനും രാമകൃഷ്ണ പരമഹംസനും ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളുമെല്ലാം ഹിന്ദുമതോദ്ധാരണത്തിനുവേണ്ടി യത്‌നിച്ചു. അവരാരും മറ്റു മതക്കാരെ ശത്രുക്കളായി കണ്ടില്ല. എന്നാല്‍, ഹിന്ദുമതത്തെ നവീകരിക്കാനുള്ള ഒരു പുരോഗമനപ്രവര്‍ത്തനവും നടത്താതെ ഇതരമതങ്ങളെ ശത്രുവായി പ്രഖ്യാപിച്ച് അക്രമാസക്തമായി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ആര്‍എസ്എസ് നിലകൊള്ളുന്നു. ആ സംഘടനയുടെ രാഷ്ട്രീയരൂപമായ ബിജെപിയാണ് കേന്ദ്രഭരണം നടത്തുന്നത്. പള്ളി പൊളിക്കുക, ഗോമാതാ നയം അടിച്ചേല്‍പ്പിക്കുക തുടങ്ങിയ ഹിന്ദുത്വ അജന്‍ഡ രാജ്യത്ത് അക്രമാസക്തമായും ഭരണഘടനാവിരുദ്ധമായും നടപ്പാക്കുന്നതിന് ശക്തിപകരുന്ന കേന്ദ്രമായി രാഷ്ട്രപതിഭവന്‍ മാറുമോ എന്ന ആശങ്ക ശക്തിപ്പെട്ടിരിക്കുന്നതിന് മധ്യേയാണ് രാംനാഥ് കോവിന്ദ് 25ന് അധികാരമേല്‍ക്കുന്നത്.

നിധിന്‍ ഗഡ്കരി ബിജെപി അധ്യക്ഷനായിരുന്ന ഘട്ടത്തില്‍ പാര്‍ട്ടി വക്താവായിരുന്ന കോവിന്ദ് ന്യൂനപക്ഷവിരുദ്ധനയങ്ങള്‍ തുടര്‍ച്ചയായി നടത്തിയിരുന്നു. ഇസ്ലാം, ക്രിസ്തു മതങ്ങള്‍ ഇന്ത്യക്ക് അന്യമാണെന്നും അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് സര്‍ക്കാര്‍തൊഴിലിലോ വിദ്യാഭ്യാസസ്ഥാപനങ്ങളിലോ നിയമനിര്‍മാണസഭകളിലോ സംവരണം നല്‍കാന്‍ പാടില്ലെന്നുമുള്ള നിലപാട് 2010ല്‍ കോവിന്ദ് നടത്തിയിരുന്നു. അത്തരം നയങ്ങള്‍ നടപ്പാക്കുന്നതിന് കൂട്ടുനില്‍ക്കുന്ന അധികാരകേന്ദ്രമായി രാഷ്ട്രപതിഭവന്‍ മാറിയാല്‍ അത് നാടിന് വലിയൊരു ദുരന്തമാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News