ദീപ നിശാന്ത് പങ്കെടുക്കുന്ന പരിപാടി തടസ്സപ്പെടുത്താന്‍ സംഘപരിവാര്‍ നീക്കം; സംഘാടകരുടെ ആവശ്യത്തില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും

തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അപകീര്‍ത്തികരമായ ചിത്രങ്ങള്‍ക്കും വധഭീഷണിക്കുമെതിരെ കേരള വര്‍മ കോളേജ് അധ്യാപിക ദീപ നിശാന്ത് നല്‍കിയ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അതിനിടെ ദീപ നിശാന്ത് ഇന്ന് പങ്കടുക്കുന്ന പൊതു പരിപാടി സംഘപരിവാര്‍ സംഘടനകള്‍ തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു കാട്ടി രഹസ്യാന്വേഷണ വിഭാഗം പോലീസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വൈകിട്ട് 4 മണിക്ക് ഏങ്ങണ്ടിയൂരില്‍ ജയ് ഭാരത് എന്ന സംഘടന നടത്തുന്ന പരിപാടിയിലാണ് ആര്‍എസ്എസ് പ്രതിഷേധം ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ട്. കോട്ടക്കടപ്പുറം ഫിഷറീസ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവുമാണ് ദീപനിശാന്ത് നിര്‍വ്വഹിക്കുന്നത്. ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്ന ബിജെപിയുടെ പഞ്ചായത്ത് അംഗം ദീപ നിശാന്തിനെ മാറ്റി നിര്‍ത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടതായാണ് സൂചന. എതിര്‍പ്പുകള്‍ ഉണ്ടായാലും പരിപാടിയില്‍ പങ്കെടുക്കും എന്ന നിലപാടിലാണ് ദീപ നിശാന്ത്. അക്രമം ഉണ്ടായേക്കുമെന്ന സൂചനകള്‍ പുറത്തു വന്നതോടെ സംഘാടകര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

കോളേജില്‍ എം എഫ് ഹുസൈന്റെ പെയിന്റിംഗ് സ്ഥാപിച്ച എസ്എഫ്‌ഐ നിലപാടിനെ അനുകൂലിച്ചതോടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദീപ നിശാന്തിനെതിരെ സംഘപരിവാര്‍ സംഘടനകളും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും അപകീര്‍ത്തികരമായ പ്രചാരണം ആരംഭിച്ചത്. ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചു എന്നു കാട്ടി അശ്ലീല ചിത്രത്തില്‍ ദീപ നിശാന്തിന്റെ തവ വെട്ടി ചേര്‍ത്താണ് ഔട് സ്‌പോക്കണ്‍, കാവിപ്പട എന്നീ ഗ്രൂപ്പൂകള്‍ പ്രചരിപ്പിച്ചത്.
എബിവിപി, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമൂഹ മാധ്യമങ്ങളില്‍ അസഭ്യ വര്‍ഷവും വധഭീഷണിയും മുഴക്കി. ഹിന്ദു സംരക്ഷണ സേനയുടെ പേരില്‍ ദീപ നിശാന്തിനെ അപായപ്പെടുത്താനുള്ള ആഹ്വാനം വരെ ഉണ്ടായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഏങ്ങണ്ടിയൂരില്‍ നടക്കുന്ന പരിപാടിയില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here