കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം; വില്ലേജ് ഓഫീസര്‍ക്കും തഹസില്‍ദര്‍ക്കുമെതിരെ നടപടി

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച സംഭവത്തിലാണ് വില്ലേജ് ഓഫീസര്‍ക്കും കൊയിലാണ്ടി തഹസില്‍ദര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി പി ച്ച് കുര്യന്റെ റിപ്പോര്‍ട്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് റവന്യുമന്ത്രിക്ക് കൈമാറി. വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന്റെ ഇടപെടല്‍ ഫയലുകളില്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ട്.

കരം സ്വീകരിക്കാനുളള നിര്‍ദ്ദേശം തടസ്സപ്പെടുത്തിയത് ചെമ്പനോട വില്ലേജ് ഓഫീസറാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കൊയിലാണ്ടി തഹസില്‍ദാര്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാനോ പ്രശ്‌നം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താനോ ശ്രമിച്ചില്ല. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന്റെ ഇടപെടല്‍ ഫയലുകളില്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സിലീഷ് കോഴ ആവശ്യപ്പെട്ടതിന് തെളിവില്ല. കരം സ്വീകരിക്കുന്നതിന് സിലീഷ് കോഴ ആവശ്യപ്പെട്ടന്ന് ജോയിയുടെ കുടുംബം ആരോപിച്ചിരുന്നു. നിലവില്‍ സസ്‌പെന്‍ഷനിലായ വില്ലേജ് ഓഫീസര്‍ക്കെതിരെ കൂടുതല്‍ നടപടി, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകും. ജോയിയുടെ ഭൂമിയുമായി ബന്ധപ്പെട്ട് സഹോദരനുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇതും പ്രശ്‌നം പരിഹരിക്കാതിരിക്കാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞമാസം 21 നാണ് കരമടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ജോയ് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ തൂങ്ങിമരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here