ബിജെപിയുടെ കുരുക്ക് മുറുകുന്നു; സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം; കുമ്മനത്തിന്റെ പങ്കും അന്വേഷണപരിധിയില്‍

ദില്ലി: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ മുഴുവന്‍ സാമ്പത്തിക ക്രമക്കേടുകളിലും ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിക്കാണ് അന്വേഷണ ചുമതല. ഇടനിലക്കാര്‍ സതീഷ് നായരും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തമ്മിലുള്ള ബന്ധവും ദേശീയ നേതൃത്വം പരിശോധിക്കും.

കോടികളുടെ കോഴ ഇടപാട് ബിജെപി ദേശീയ നേതൃത്വത്തെയും പ്രതിരോധത്തിലാക്കി. ഈ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിന് കേന്ദ്ര നേതൃത്വം തയാറായത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എച്ച് രാജ, കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡ, രാജീവ് പ്രതാപ് റൂഡി എന്നിവര്‍ കോഴ വിവാദം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും.

ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ സാമ്പത്തിക ക്രമക്കേടുകളും കേന്ദ്രം പരിശോധിക്കും. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശന വേളയിലും വന്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തല്‍. എംടി രമേശ് പ്രതികൂട്ടിലായ ഉള്‍പ്പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ മുന്‍ അധ്യക്ഷന്‍ വി മുരളീധരന്റെ പങ്കും കേന്ദ്ര സമിതിയുടെ അന്വേഷണ പരിധിയില്‍ വരും.

റിപ്പോര്‍ട്ട് വി മുരളീധരനുമായി അടുത്ത ബന്ധമുള്ള കെ സുഭാഷ് വഴി ചോര്‍ന്നുവെന്നാണ് സംശയിക്കുന്നത്. കോഴ നല്‍കിയ രാകേഷ് ശിവരാമന് കുമ്മനം രാജശേഖരനുമായുള്ള ബന്ധങ്ങളും അന്വേഷിക്കും. ഇടനിലക്കാരന്‍ സതീഷ് നായര്‍ മുഖാന്തരം സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ളവര്‍ കൂടതല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സതീഷ് നായരുടെ സഹോദരന്‍ അയ്യപ്പദാസിനെയാണ് കുമ്മനം സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തപ്പോള്‍ വിശ്വഹിന്ദു നേതൃത്വം ഏല്‍പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News