ബിജെപി സംസ്ഥാന ഘടകത്തില്‍ വന്‍പൊട്ടിത്തെറി; കുമ്മനത്തെയും എംടി രമേശിനെയും മാറ്റിയേക്കും

ദില്ലി: മെഡിക്കല്‍ കോളേജ് കോഴ അഴിമതി വിഷയത്തില്‍ സംസ്ഥാന ബിജെപി ഘടകത്തില്‍ വന്‍ പൊട്ടിത്തെറി. കോഴ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കുമ്മനത്തെയും എംടി രമേശിനെയും മാറ്റിയേക്കും. കൂടാതെ ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമുള്ള അഴിച്ചുപണിയും പാര്‍ട്ടി നേതൃതലത്തില്‍ ഉണ്ടാകും.

അതേസമയം, കോഴവിവാദത്തില്‍ അഴിമതിക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്ത് നല്‍കി. എന്നാല്‍ തന്നെ മനപൂര്‍വ്വം ചില നേതാക്കള്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എംടി രമേശും കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ചിട്ടുണ്ട്.

മെഡിക്കല്‍ കോഴ അഴിമതിയില്‍ ബിജെപി സംസ്ഥാന നേതൃത്വം ആകെ വന്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ഒരു വിഭാഗം നേതാക്കളുടെ സമര്‍ദ്ദത്തിന് വഴങ്ങിയാണ് കോഴ അഴിമതി ചര്‍ച്ച ചെയ്യാനുള്ള ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചത്. നാളെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗമാണ് ചേരുക. മെഡിക്കല്‍ കോഴ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്‍.എസ് വിനോദിനെതിരെ മാത്രം പാര്‍ട്ടി നടപടി ഒതുക്കാന്‍ മുരളീധരപക്ഷം നേതാക്കള്‍ യോഗത്തില്‍ അനുവദിക്കുകയില്ല.

റിപ്പോര്‍ട്ട് ചര്‍ച്ചയക്ക് വരുന്നതിന് മുന്‍പ് പുറത്താകാന്‍ വഴിയൊരുക്കിയെന്ന ആരോപണത്തിന് വിധേയനായ കുമ്മനം രാജശേഖരനെയും റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശമുള്ള എം.ടി രമേശിനെയും നീക്കുന്ന കാര്യവും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ആലോചനയുണ്ട്. ബിജെപിലേക്ക് ആര്‍എസ്എസ് നിയോഗിച്ച പ്രചാരകന്‍മാരായ ഗണേശന്‍, സുഭാഷ് എന്നിവര്‍ സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യം ആര്‍എസ്എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണകുമാറിനെ അറിയിച്ചു. അഴിമതിക്കാരെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ആര്‍എസ്എസ് നിര്‍ദ്ദേശിക്കുന്നു.

അതേസമയം, ബിജെപി സംസ്ഥാന നേതാക്കളുടെ കോഴ അഴിമതി വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെസും രംഗത്ത് എത്തിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

നരേന്ദ്രമോദിയുടെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ് ബിജെപി സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്നതെന്നാണ് വെള്ളാപ്പള്ളി കത്തില്‍ പറയുന്നത്. പാര്‍ട്ടി പ്രസിഡന്റ് കുമ്മനം രാജശേഖരനെ പാര്‍ട്ടി ദേശീയ നേതൃത്വം ദില്ലിയില്‍ എത്താനും ആവശ്യപ്പെട്ടു.

അതേസമയം, മെഡിക്കല്‍ കോഴ അഴിമതി വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രഖ്യാപിച്ച അന്വേഷണം ആരംഭിച്ചു. സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റിന്റെ എസ്പിയ്ക്കാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യണമോ എന്ന കാര്യത്തില്‍ ഡയറക്ടര്‍ തീരുമാനമെടുക്കുക. നേതൃത്വത്തിന് ശനിയും പാര്‍ട്ടിക്ക് കലിയും ബാധിച്ച ഈ സമയത്തെ എങ്ങനെ മറികടക്കണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് സംസ്ഥാന ബിജെപി നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News