നിയമനം സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയനുസരിച്ച്; വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഇടപെടാറില്ലെന്ന് ഗവര്‍ണര്‍

കോട്ടയം: സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഇടപെടാറില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മെറിറ്റും യോഗ്യതയും അനുസരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയനുസരിച്ച് സുതാര്യമായാണ് നിയമനം നടത്തുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ചേര്‍ന്ന ചാന്‍സിലേഴ്സ് മീറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ 13 സര്‍വകലാശാലകളിലുള്‍പ്പെട്ട വെറ്റിറനറി, കണ്ണൂര്‍, കലാമണ്ഡലം, സംസ്‌കൃത സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടിടത്ത് നിയമപരമായ തര്‍ക്കങ്ങളാണ് കാരണം. മറ്റ് രണ്ടിടങ്ങളില്‍ വിസിയെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ മെറിറ്റും യോഗ്യതയും അനുസരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയനുസരിച്ച് സുതാര്യമായി നിയമനം നടത്താമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പഠന സൗഹാര്‍ദ്ദമായ അന്തരീക്ഷം കലാലയങ്ങളില്‍ ഉണ്ടാകണമെന്നും ലോ അക്കാദമി വിഷയം പരിഹരിക്കാന്‍ നടത്തിയ ശ്രമത്തെ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. സെനറ്റ് സിന്‍ഡിക്കേറ്റംഗങ്ങള്‍ ചുമതലയേറ്റു കഴിഞ്ഞാല്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണം. എംജി സര്‍വകലാശാല സിലബസ് പ്രശ്നം പരിഹരിക്കാനുള്ള അധികാരം വിസിക്കുണ്ടെന്നും എതിരഭിപ്രായമുള്ളവര്‍ക്ക് നിയമനടപടികള്‍ തേടാവുന്നതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്ന ചാന്‍സിലേഴ്സ് മീറ്റില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യസ സെക്രട്ടറി ഉഷ ടൈറ്റസ് ,ചാന്‍സലേഴ്സ് കൗണ്‍സില്‍ കണ്‍വീനര്‍ ഡോ. ദേവേന്ദ്ര കുമാര്‍ ധൊദാവത്ത് , എം.ജി. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel