തിരുവനന്തപുരം: ആര്‍ത്തവത്തിന്റെ ആദ്യദിനം വനിതകള്‍ക്ക് അവധി നല്‍കുന്നതിലെ ഔചിത്യത്തെ ചോദ്യം ചെയ്യുകയാണ് സംസ്ഥാന ജയില്‍ മേധാവി കൂടിയായ എ ഡി ജി പി ആര്‍ ശ്രീലേഖ. ആദ്യദിനം വനിതകള്‍ക്ക് അവധി നല്‍കുന്നത് ലിംഗസമത്വമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ ശക്തരല്ല, അതിനാല്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം എന്ന സന്ദേശമാണ് ഇത്തരമൊരു നീക്കത്തിലൂടെ സംഭവിക്കുന്നതെന്ന് ആര്‍ ശ്രീലേഖ ഐ പി എസ് ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളെ വിലക്കുറച്ച് കാണുന്നവരില്‍ നിന്നുമാണ് ഇത്തരം ചിന്തകള്‍ ഉരുത്തിരിഞ്ഞു വരുന്നത്. ആര്‍ത്തവം ഓരോ സ്ത്രീയ്ക്കും വ്യത്യസ്ത അനുഭവങ്ങളാണ് നല്‍കുന്നത്. ആര്‍ത്തവത്തിന്റെ ഭാഗമായുണ്ടാകുന്ന അനുബന്ധമാറ്റങ്ങളും വ്യക്തികളില്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ അവധി നല്‍കുന്നതിലൂടെ എന്ത് ഫലമുണ്ടാകുമെന്നതും ചിന്തനീയമാണ്. പൊലീസ് സേനയില്‍ ഇതുപോലെയുള്ള ലിംഗ സമത്വമില്ലായ്മ ഉണ്ടാവാന്‍ അനുവദിക്കില്ല.

സാനിറ്ററി നാപ്കിന്‍ വനിതാ ഉദ്യോഗസ്ഥരുടെ യൂണിഫോമിന്റെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആര്‍ത്തവ ദിനങ്ങളില്‍ അവധിയെടുക്കണമോ എന്നത് ഓരോ വ്യക്തിയുടെയും അവസ്ഥയെ അനുസരിച്ചിരിക്കുമെന്നാണ് ഐ പി എസ് ഉദ്യോഗസ്ഥയായ അജിതാ ബീഗം പറയുന്നത്.

ചിലര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യദിനങ്ങളില്‍ അവധിയെടുക്കാന്‍ തക്ക ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറില്ല. എന്നാല്‍ ചില സ്ത്രീകളിലാവട്ടെ വലിയ രീതിയില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടു താനും. ഈ ബുദ്ധിമുട്ടുകളൊക്കെ തരണം ചെയ്തുകൊണ്ടു തന്നെയാണ് അവര്‍ ആര്‍ത്തവം എന്ന ജൈവീകപ്രക്രിയയോടൊപ്പം സഞ്ചരിക്കുന്നതും. അടിയന്തര സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെഡിക്കല്‍ ലീവ് നിഷേധിക്കാറില്ല.

ആദ്യദിനം അവധി നല്‍കുന്നതിനോട് അജിതാബീഗം യോജിക്കുന്നില്ല. എന്നാല്‍ ആര്‍ത്തവത്തെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ വരുന്നത് സ്വാഗതം ചെയ്യേണ്ടതാണെന്നും അജിതാ ബീഗം പ്രമുഖ മാധ്യമത്തോട് അഭിപ്രായപ്പെട്ടു. ആര്‍ത്തവത്തിന്റെ ആദ്യദിനം ശമ്പളത്തോടെ അവധി നല്‍കിക്കൊണ്ട് ചില സ്ഥാപനങ്ങള്‍ മാതൃകയായി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തുറന്ന പ്രതികരണവുമായി പൊലീസ് ഉദ്യോഗസ്ഥരുടെ വരവ്.