വളര്‍ത്തുതത്ത സാക്ഷി; ഭര്‍ത്താവിനെ കൊന്ന ഭാര്യ കുറ്റക്കാരിയെന്ന് കോടതി

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്നത് കോടതി വിധി പരാമാര്‍ശങ്ങളിലെ ക്ലീഷേയാണ്. അമേരിക്കയിലെ മിഷിഗണില്‍ ഈ ക്ലീഷേ യാഥാര്‍ത്ഥ്യമാക്കി കൊലക്കേസില്‍ പ്രതി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.

2015ലാണ് കേസിനാസ്പദമായ കൊലപാതകം. മാര്‍ട്ടിന്‍ ഡ്യൂറോമെന്ന ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസിലാണ് അപൂര്‍വ സാക്ഷിയുടെ സാന്നിധ്യം കൊലപാതകം തെളിയിച്ചത്. മാര്‍ട്ടിന്‍ ഡ്യൂറോമും ഭാര്യ ഗ്ലെന്നും തമ്മിലുള്ള വഴക്കിനിടെ 49കാരിയായ ഗ്ലെന്‍ ഭര്‍ത്താവിനെ വെടിവെച്ചുകൊന്നുവെന്നാണ് പൊലീസ് കേസ്.

വീട്ടിനുള്ളില്‍ നിന്ന് കൈത്തോക്ക് കണ്ടെടുത്തതോടെയാണ് ഗ്ലെന്‍ പിടിയിലായത്. ഇവര്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ആഫ്രിക്കന്‍ ഗ്രേ വിഭാഗത്തില്‍പ്പെട്ട തത്ത ബഡ് ആയിരുന്നു കേസിലെ ദൃക്‌സാക്ഷി. തത്തയെ ഇപ്പോള്‍ വളര്‍ത്തുന്ന മാര്‍ട്ടിന്റെ മുന്‍ ഭാര്യ ക്രിസ്റ്റീന കെല്ലറാണ് കേസില്‍ തത്തയുടെ ദൃക്‌സാക്ഷിത്വം ആദ്യം വെളിപ്പെടുത്തിയത്.

ഡോണ്ട് ഷൂട്ട് എന്ന വാക്കുകളും മാര്‍ട്ടിനും ഗ്ലെന്നും തമ്മിലുണ്ടായ വഴക്കിനിടയിലെ വാക്കുകളും തത്ത തുടര്‍ച്ചയായി ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റീന പൊലീസിന് മൊഴി നല്‍കിയത്. വീട്ടുകാരുടെ സംസാരം തത്ത ആവര്‍ത്തിക്കാറുണ്ടെന്ന് മാര്‍ട്ടിന്റെ മാതാപിതാക്കളും സ്ഥീരീകരിച്ചു.

ഇതിനെ തുടര്‍ന്നാണ് തത്ത കേസിലെ സാക്ഷിയായത്. എന്നാല്‍ കോടതി നടപടികളിലേക്ക് തത്തയെ കൊണ്ടുവന്നിരുന്നില്ല. കുടുംബ വഴക്കിനിടെ മാര്‍ട്ടിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഗ്ലെന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.

5 വെടിയുണ്ടകളാണ് മാര്‍ട്ടിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. കൊലയ്ക്ക് ശേഷം ഗ്ലെന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെങ്കിലും രക്ഷപ്പെട്ടു. ഗ്ലെന്നിനുള്ള ശിക്ഷ കോടതി അടുത്ത മാസം വിധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here