പതിനായിരത്തോളം നേന്ത്രവാഴ വനം വകുപ്പ് വെട്ടിനശിപ്പിച്ചു; പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് രണ്ടു ലക്ഷം നഷ്ട പരിഹാരം നല്‍കും

പാലക്കാട്: അട്ടപ്പാടി കുറുക്കന്‍ക്കുണ്ടില്‍ കൈയ്യേറ്റ മൊഴിപ്പിക്കാനെന്ന പേരില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എടുത്ത നടപടിയാണ് കര്‍ഷക പ്രതിഷേധത്തിന് കാരണമായത്. വനഭൂമിയെന്നവകാശപ്പെട്ട് ഉദ്യോഗസ്ഥര്‍ ഇവിടുത്തെ പതിനായിരത്തോളം നേന്ത്രവാഴകള്‍ വെട്ടി നശിപ്പിച്ചു. ഇതേ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പട്ടയഭൂമിയിലെ കൃഷിയാണ് വനം വകുപ്പ് നശിപ്പിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് ഡി എഫ് ഒ ഉള്‍പ്പടെയുള്ള വനംവകുപ്പ് ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. നാലു മാസം വളര്‍ച്ചയെത്തിയ നേന്ത്രവാഴകളാണ് വെട്ടിനശിപ്പിച്ചതിനെ തുടര്‍ന്ന് 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. കുറുക്കന്‍ കുണ്ട് സ്വദേശികളായ വിന്‍സന്റ്, കുഞ്ഞുമോന്‍ എന്നിവര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തിരുന്നത്. ഈ സ്ഥലത്തിന് അഞ്ച് വര്‍ഷം മുമ്പ് വരെ കള്ളമല വില്ലേജില്‍ നികുതി സ്വീകരിച്ചിരുന്നു.

കര്‍ഷകര്‍ ജീവനക്കാരെ തടഞ്ഞതോടെ മണ്ണാര്‍ക്കാട് തഹസില്‍ദാര്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് തഹസില്‍ദാര്‍ കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിച്ചത്. എന്നാല്‍ സ്ഥലം വനഭൂമിയാണെന്ന നിലപാടിലാണ് വനം വകുപ്പ്. പ്രദേശത്തെ ഭൂമിയുമായി ബന്ധപ്പെട്ട് 1974 മുതല്‍ വനം റവന്യൂ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കത്തിലാണ് ‘പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് പ്രിന്‍സപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ജില്ലാതല മീറ്റിംഗ് വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel