ഗോരക്ഷയുടെ പേരില്‍ അതിക്രമം നടത്തുന്നവരെ സംരക്ഷിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം

ദില്ലി: ഗോരക്ഷയുടെ പേരില്‍ അതിക്രമം നടത്തുന്നവരെ ഒരു തരത്തിലും സംരക്ഷിക്കരുതെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന പരിപാലനം സംസ്ഥാന വിഷയമാണെന്നും അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നാലാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാറുകളോടും ആവശ്യപ്പെട്ടു.

രാജ്യത്ത് ഗോരക്ഷകരെ നിരാധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണ്. അതിനാല്‍ ഇത്തരം ആക്രമസംഭവങ്ങളില്‍ നടപടി എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സെളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ പറഞ്ഞു.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുത്തിട്ടുണ്ടെന്ന ഗുജറാത്ത് ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഗോരക്ഷകരെ ഒരു തരത്തിലും സംരക്ഷിക്കരുതെന്ന് കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. നാലാഴ്ചയ്ക്കകം ഗോരക്ഷയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്ത അക്രമ സംഭവങ്ങളും സ്വീകരിച്ച നടപടികളും വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു. ഗോരക്ഷയുടെ പേരില്‍ ദളിത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ തെഹസീന്‍ എസ് പൂനവാല നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News