പ്രകൃതിദത്തമായ വഴിയിലൂടെ അകറ്റാം ശരീര ദുര്‍ഗന്ധത്തെ; ശീലമാക്കേണ്ട ആറു കാര്യങ്ങള്‍

ചില വ്യക്തികളെ കാണുമ്പോള്‍ തന്നെ നമുക്കു തോന്നാറുണ്ട് എന്തൊരു സ്‌റ്റൈലിഷ് ആണെന്ന്. കാഴ്ചയില്‍ നല്ല അസ്സല്‍ ലുക്ക് മാത്രം കൊണ്ടുവന്നാല്‍ എല്ലാം തികഞ്ഞുവെന്നാണു നിങ്ങളുടെ ധാരണയെങ്കില്‍ അതു മാറ്റേണ്ട സമയം കഴിഞ്ഞു. ഏതൊരു മനുഷ്യന്റെയും നിലവാരം മനസ്സിലാക്കുന്നത് അയാളുടെ ശരീര പ്രകൃതിയെ ആശ്രയിച്ചിരിക്കും. കാഴ്ചയിലുള്ള അതേ പ്രാധാന്യം നാം ശരീര സുഗന്ധത്തിനും നല്‍കേണ്ടതുണ്ട്.

വിയര്‍പ്പു നാറ്റം കൊണ്ട് ആരും അടുത്തു വരാത്ത സ്ഥിതി ഉണ്ടാകരുത്. വിപണിയില്‍ ഡിയോഡ്രന്റുകള്‍ ഉള്ളിടത്തോളം വിഷമിക്കേണ്ടതില്ല എന്നു ചിന്തിക്കുന്നതും തെറ്റാണ്, ഒരുപരിധി കഴിയുമ്പോള്‍ വിയര്‍പ്പു കുമിഞ്ഞ് ദുര്‍ഗന്ധം പരക്കുക തന്നെ ചെയ്യും. നല്ല ശരീര സുഗന്ധത്തിനായി ശീലമാക്കേണ്ട ആറു കാര്യങ്ങളാണ് താഴെ നല്‍കിയിരിക്കുന്നത്;

ധരിക്കുന്ന വസ്ത്രങ്ങളില്‍ ശ്രദ്ധ വേണം

സിന്തറ്റിക് ഫാബ്രിക്കുകള്‍ തെരഞ്ഞെടുക്കുന്നതിനു പകരം കോട്ടണോ ലിനനോ തെരഞ്ഞെടുക്കാം. കാരണം ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ത്വക്കിന് ശ്വസിക്കാനുള്ള സാഹചര്യം കൂടി ഉണ്ടാക്കുന്നവയാണ്. ദുര്‍ഗന്ധമില്ലാതിരിക്കാന്‍ വൃത്തിയുള്ള അടിവസ്ത്രങ്ങളും സോക്‌സുകളും ധരിക്കാനും ശ്രദ്ധിക്കണം.

തേന്‍ പരത്തും സുഗന്ധം

ശരീരത്തിന്റെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതില്‍ തേനിനും കാര്യമായ പങ്കുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുളികഴിഞ്ഞതിനു ശേഷം ശരീരത്തില്‍ ഒഴിക്കാം.

വിയര്‍പ്പിനെ ചെറുക്കും നാരങ്ങ

പ്രകൃതിദത്തമായ വഴിയിലൂടെ എങ്ങനെ ശരീരത്തിന്റെ ദുര്‍ഗന്ധം അകറ്റാം എന്നു ചിന്തിക്കുന്നവര്‍ക്ക് ഉത്തരമാണ് നാരങ്ങ. നാരങ്ങ വിയര്‍പ്പിനെ നിയന്ത്രിക്കുന്നതിനൊപ്പം കക്ഷത്തിലുള്ള ഇരുണ്ടനിറം നീക്കം ചെയ്യുകയും ചെയ്യും. ഒരു നാരങ്ങ രണ്ടായി മുറിച്ച് ഇരുകയ്യിടുക്കിലും ഉരയ്ക്കുക. തുടക്കത്തില്‍ ഒരു അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ക്രമേണ അതു നല്ല ഫലം ചെയ്യും. ത്വക്കിനു പ്രശ്‌നമുള്ളവരോ മുറിവുള്ളവരോ ഈ രീതി തുടരരുത്.

ബേക്കിങ് സോഡയും ഉത്തമം

ശരീരത്തിലെ ദുര്‍ഗന്ധത്തെ സ്വാഭാവികമായി ഇല്ലാതാക്കുന്ന മറ്റൊരു വസ്തുവാണ് ബേക്കിങ് സോഡ. അല്‍പം ബേക്കിങ് സോഡ എടുത്ത് കയ്യിടുക്കുകളില്‍ പുരട്ടി അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.

ആര്യവേപ്പു ചില്ലറയല്ല

ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങളാല്‍ സമൃദ്ധമായ ആര്യവേപ്പും ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഉത്തമമാണ്. ചെറുചൂടുവെള്ളത്തിലേക്ക് ആര്യവേപ്പിന്റെ നീരു ചേര്‍ക്കുക. ഇതിലേക്ക് ഒരു ടവല്‍ മുക്കിയതിനു ശേഷം ഇരു കയ്യിടുക്കിലും നന്നായി പുരട്ടാം.

ശരീര ശുചിത്വം നിര്‍ബന്ധം

ശരീര ദുര്‍ഗന്ധം നന്നായുള്ളവര്‍ നിര്‍ബന്ധമായും ശരീരം വൃത്തിയായി സൂക്ഷിക്കണം, സോപ്പും വെള്ളവും ഉപയോഗിച്ച് കയ്യിടുക്കുകള്‍ നന്നായി വൃത്തിയാക്കണം. ആന്റി ബാക്റ്റീരിയല്‍ സോപ്പോ ഡിയോഡ്രന്റ് സോപ്പോ ഉപയോഗിച്ചു വേണം കഴുകാന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here