
തിരുവനന്തപുരം: ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ സ്വാശ്രയ മെഡിക്കല്‍കോളേജ് കോഴ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാനായി ബിജെപി സംസ്ഥാനഭാരവാഹികളുടെയും ജില്ലാഭാരവാഹികളുെടയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണ വിധേയനായ എം ടി രമേശിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി മുരളീധരപക്ഷം നേതാക്കള്‍ എത്തുന്നതോടെ യോഗം പൊട്ടിത്തെറിയുടെ വക്കിലെത്തിയേയ്ക്കും. കൂടാതെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതിലെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം കോഴ അഴിമതി വിഷയത്തില്‍ പുതിയൊരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉണ്ടാകും.
സ്വാശ്രയ മെഡിക്കല്‍കോളേജ് കോഴ അഴിമതി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതോടെയാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികൂട്ടിലായത്. വിഷയം പുറത്തായതുമുതല്‍ ബിജെപി യില്‍ ഗ്രൂപ്പ് പോര് രൂക്ഷമായി. പാര്‍ട്ടിയ്ക്ക് ക്ഷതമേല്‍പ്പിച്ച കോഴ വിഷയത്തില്‍ ആരോപണവിധേയരായവരെ പുറത്താക്കണമെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യവും വ്യാപകമായി ഉയര്‍ന്നു. റിപ്പോര്‍ട്ട് ചോര്‍ന്നതിന് പഴികേള്‍ക്കേണ്ടി വന്നിരിക്കുന്ന കുമ്മനം രാജശേഖരനെയും അഴിമതിയില്‍ ഉള്‍പ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെയും നടപടിക്ക് വിധേയമാക്കണമെന്നാണ് വി മുരളീധരപക്ഷത്തിന്റെ ആവശ്യം.
ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ മറ്റ് ചില മുതിര്‍ന്ന നേതാക്കള്‍ ഇവരുമായി അനുരഞ്ജന ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ നിലപാട് കടുപ്പിക്കാനാണ് മുരളീധരപക്ഷത്തിന്റെ തീരുമാനം. ഈ പശ്ചാത്തലത്തില്‍ ഇന്നു ചേരുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തില്‍ പൊട്ടിത്തെറിയായിരിക്കും ഉണ്ടാവുക. അഴിമതിക്കാരെ പുറത്താക്കണമെന്നും ഒരു വിനോദിനെ മാത്രം പുറത്താക്കിയതു കൊണ്ട് കാര്യമില്ലെന്നും ജില്ലാ ഭാരവാഹികളും ഗ്രൂപ്പുകളില്‍ കണ്ണിയാകാത്തവരും വാദിക്കും. കൂടാതെ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ കേന്ദ്രനേതൃത്വം പ്രകടിപ്പിച്ച അതൃപ്തിയും യോഗം ചര്‍ച്ച ചെയ്യും.
അങ്ങനെ വരുമ്പോള്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുനേരയും പ്രഹരം ഉണ്ടാകും. അത്തരത്തില്‍ ഭാരവാഹികള്‍ തനിക്കെതിരെ ആരോപണവും ആക്ഷേപവും കടുപ്പിച്ചാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന ഭീക്ഷണി വീണ്ടും കുമ്മനം രാജശേഖരന്‍ യോഗത്തില്‍ മുഴക്കും. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെ കണ്ടെത്തണമെന്ന ആവശ്യം ശക്തമായി യോഗത്തില്‍ ഉയരുമ്പോള്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയതായി മാധ്യമങ്ങള്‍ പറഞ്ഞ എ കെ നസീറിനെതിരെ നടപടി സ്വീകരിക്കാതിരിക്കാന്‍ യോഗത്തിന് ആവില്ല.
കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കേണ്ടതില്ല മറിച്ച് താക്കീത് നല്‍കിയാല്‍ മതിയെന്ന നിലപാട് പി കെ കൃഷ്ണദാസ് വിഭാഗം യോഗത്തില്‍ ഉന്നയിക്കും. ഇത് എത്രമാത്രം യോഗത്തിലെ മറ്റ് നേതാക്കള്‍ അംഗീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. നേതൃമാറ്റം വേണമെന്ന ആവശ്യവും ഉയരുന്ന യോഗത്തില്‍ ആര്‍എസ്എസിന്റെ നിലപാടാകും നിര്‍ണ്ണായകമാവുക. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സാഹചര്യത്തില്‍ പുതിയൊരു അന്വേഷണകമ്മീഷന്‍ എന്നൊരു ആവശ്യവും ചില നേതാക്കള്‍ യോഗത്തില്‍ പറയും. ബജെപി സംസ്ഥാന ഘടകത്തിനെതിരെ പരാതിയുമായി വെള്ളാപ്പള്ളിയും ബിഡിജെഎസും അമിത്ഷായെ സമീപിച്ചതും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. യോഗത്തില്‍ തെറ്റുതിരുത്തല്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്ക് വഴിവെക്കുമെന്നതും തര്‍ക്കമില്ലാത്ത കാര്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here