ടാറിംഗ് നടത്തി രണ്ടാം മാസം റോഡ് പൊളിഞ്ഞു; കരാറുകാരന് പണം നല്‍കേണ്ടെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശൂര്‍: തൃശൂര്‍പൂരത്തോടനുബന്ധിച്ച് പുതുപുത്തന്‍ ടാറിംഗ് നടത്തിയ നഗരത്തിലെ റോഡുകളെല്ലാം മഴക്കാലമായതോടെ കുണ്ടും കുഴിയുമായി. കെ.എസ്.ആര്‍.ടിസി റോഡിലും, ശക്തന്‍ നഗറിലുമൊക്കെ വന്‍ കുഴികളാണ് രൂപപ്പെട്ടത്. അപകടങ്ങള്‍ പതിവായ റോഡിനെതിരെ പരാതി ഉയര്‍ന്നതിനിടെയാണ് രണ്ട് മാസം മുമ്പ് റോഡ് പണിത കരാറുകാരന്‍ ബില്ലുകളുമായി കോര്‍പ്പറേഷനെ സമീപിച്ചത്.

ഒരു വര്‍ഷം കരാറുള്ള റോഡ് ഒറ്റമഴയില്‍ പൊളിഞ്ഞതോടെ എങ്ങനെ കാശ് നല്‍കുമെന്ന ചോദ്യമാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഉയര്‍ന്നത്. ടാറിംഗ് നടത്തി മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും പൊളിഞ്ഞതോടെ കരാറുകാരന് പണം നല്‍കേണ്ടെന്ന നിലപാടിലായി തൃശൂര്‍ കോര്‍പ്പറേഷന്‍.

ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ആവശ്യം ന്യായമാണെന്നും, റോഡിന്റെ നിലവാരത്തെ കുറിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുന്നതു വരെ പണം നല്കല്ലെന്നും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഉറപ്പു നല്‍കി.
വേണ്ടത്ര ടാറും മെറ്റിലും ഉപയോഗിക്കാതെ തട്ടിക്കൂട്ട് പണികളാണ് റോഡ് നശിക്കാന്‍ കാരണമെന്ന ആരേപണം ശക്തമായി. കെ.എസ്.ആര്‍.ടി.സി റിംഗ് റോഡ് ജംഗ്ഷനും ശക്തന്‍ സ്റ്റാന്റ് റൗണ്ട് എബൗട്ടിന് ചുറ്റുമുള്ള റോഡും പൊളിഞ്ഞ് വന്‍ കുഴികളാണ് രൂപപ്പെട്ടത്.

പൂരത്തിരക്കിനിടെ റോഡ് പണിതെന്ന് വരുത്തി പണവും വാങ്ങി വണ്ടിവിടാനെത്തിയ കരാറുകാരന് എട്ടിന്റെ പണിയാണ് കിട്ടിയത്. മഴക്കാലമെത്തിയതോടെ കുഴഞ്ഞു കുളമായ തൃശൂര്‍ നഗരത്തിലെ റോഡുകളില്‍ അറ്റകുറ്റ പണികളും ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News