തെരുവ് നായ്ക്കള്‍ മലമ്പാമ്പിനെയും വിട്ടില്ല; പരുക്കേറ്റ പാമ്പിന് മൃഗാശുപത്രിയില്‍ ചികിത്സ

‘പാമ്പായി’ വഴിയില്‍ കിടക്കുന്നവര്‍ക്ക് മാത്രമല്ല, യഥാര്‍ത്ഥ പാമ്പുകള്‍ക്ക് പോലും തെരുവ് നായ്ക്കളുടെ ശല്യം കാരണം നാട്ടില്‍ രക്ഷയില്ലാത്ത കാലമാണ്. തിരിച്ച് ആക്രമിക്കാത്ത എല്ലാവരെയും കടിച്ച് കുടഞ്ഞു കളയും തെരുവ് നായ്ക്കള്‍. നാട്ടിന്‍ പുറങ്ങളിലെ അഴുക്ക് ചാലുകളിലും തോടുകളിലും പതുങ്ങിയിരുന്ന് സമാധാനത്തോടെ ഇരപിടിച്ചു കഴിഞ്ഞിരുന്ന മലമ്പാമ്പുകള്‍ക്ക് മഴക്കാലമായതോടെ കഷ്ടകാലമായെന്ന് പറഞ്ഞാല്‍ മതിയല്ലോ.

തോട്ടിലും ഓടകളിലും വെള്ളം നിറഞ്ഞതോടെ ഇരയെ കിട്ടാന്‍ ബുദ്ധിമുട്ടായെന്ന് മാത്രമല്ല, പതുങ്ങിയിരിക്കാനും ഇടമില്ലാതെയായി. മനുഷ്യരാരെങ്കിലും കണ്ടാല്‍ പിടിച്ചു കെട്ടി ദൂരെ കാട്ടില്‍ വിടുമെന്ന പേടിക്ക് പുറമെ ഇപ്പോള്‍ തെരുവ് നായ്ക്കള്‍ കണ്ടാല്‍ കടിച്ചു കീറുമെന്ന കരുതലും വേണം മലമ്പാമ്പുകള്‍ക്ക്.

ഇരിങ്ങാലക്കുട ആനന്ദപുരത്താണ് കഴിഞ്ഞ ദിവസം ഇത്തരമൊരു മലമ്പാമ്പ് പെട്ടുപോയത്. മലവെള്ളത്തില്‍ ഒഴുകിവന്ന മരത്തടിയില്‍ നരന്‍ സിനിമയിലെ മോഹന്‍ലാലിനെ പോലെ ചുറ്റിക്കിടന്ന് കരയിലടിഞ്ഞതാണ് ആശാന്‍. വെള്ളത്തില്‍ കലങ്ങിമറിഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാന്‍ കര പറ്റിയതോടെ വിശ്രമം തുടങ്ങി.

മലമ്പാമ്പിനെ നോട്ടമിട്ട് തെരുവുനായ്ക്കള്‍ തടിച്ചുകൂടി. പിന്നെ നാഷണല്‍ ജ്യോഗ്രഫി ചാനലില്‍ കാണുമ്പോലെ കടിപിടിയും പിടഞ്ഞുമാറലും എല്ലാം കഴിഞ്ഞ് അതിന്റെയൊരു രസം പോയപ്പോള്‍ തെരുവുനായ്ക്കള്‍ അടുത്ത കടവിലേക്ക് പോയി. പഞ്ഞിക്കിട്ടതുപോലെ പരിക്കേറ്റുകിടന്ന മലമ്പാമ്പിന് ഒരടി പോലും അനങ്ങാനായില്ല.

രണ്ട് ദിവസം ആ കിടപ്പങ്ങനെ കിടന്നെങ്കിലും കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്‍മാര്‍ ഒറ്റയൊരെണ്ണം തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ രാജുവിനെയും രാധയെയും രക്ഷിക്കാന്‍ മായാവി വരുന്നതുപോലെ ഇവിടെയും ഒരു രക്ഷന്‍ എത്തി. വന്യജീവി സംരക്ഷകനായ മാപ്രാണം സ്വദേശി ഷബീര്‍.

വാവ സുരേഷിന്റെ അത്രേം ഫെയിമസല്ലെങ്കിലും, പാമ്പുകളെ സ്നേഹിക്കുന്ന ഷബീര്‍ പാഞ്ഞെത്തി മലമ്പാമ്പിനെ ആശുപത്രിയിലെത്തിച്ചു. ഇരിങ്ങാലക്കുട മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍മാരായ ടി.എ ബാബുരാജ്, കെ.ജെ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് മുറിവുകള്‍ തുന്നിക്കെട്ടി മരുന്ന് വെച്ചു.

പാമ്പുകളെ നാട്ടില്‍ നിന്ന് പിടികൂടിയാല്‍ കാട്ടില്‍ വിടാറാണ് പതിവെങ്കിലും പരിക്കേറ്റ് മംഗലശ്ശേരി നീലകണ്ഠനെ പോലെ കിടക്കുന്ന പാമ്പിനെ ഉടനെ കാട്ടില്‍ വിടേണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വലിയ ഉപദേശമൊക്കെ നല്‍കിയെങ്കിലും പരിക്കേറ്റ മലമ്പാമ്പിനെ ഉദ്യോഗസ്ഥരാരും കൊണ്ടുപോയില്ല. ‘പോരുന്നോ എന്റെകൂടെ’ എന്ന ചോദ്യത്തിനായി കാത്തിരുന്ന മലമ്പാമ്പിനെ ഷബീര്‍ വീട്ടില്‍ കൊണ്ടുപോയി.

കുറച്ചു ദിവസം ഷബീറിന്റെ വീട്ടിലെത്തി വെറ്ററിനറി ഡോക്ടര്‍മാര്‍ മലമ്പാമ്പിനെ ശുശ്രൂഷിക്കും. ആരോഗ്യം വീണ്ടെടുത്ത ശേഷമെ പാമ്പിനെ കാട്ടില്‍ തുറന്നുവിടൂ. കഴിഞ്ഞ വര്‍ഷവും മീന്‍ വലയില്‍ കുടുങ്ങിയ മലമ്പാമ്പിനെ ഷബീര്‍ മൃഗാശുപത്രിയില്‍ എത്തിച്ച് രക്ഷപെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News