വീറോടെ ഇന്ത്യന്‍ പെണ്‍പട; വനിതാ ലോകകപ്പ് കലാശ പോരാട്ടം നാളെ

വീറോടെ ഇന്ത്യയുടെ നീലപെണ്‍പട നാളെ ലോര്‍ഡ്‌സിലെ മൈതാനത്ത് ഇംഗ്ലണ്ടുമായി കലാശ പോരാട്ടത്തിനിറങ്ങുന്നു. സെമി ഫൈനലില്‍ 36 റണ്‍സിന് ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.

വനിതാ ലോകകപ്പ് ക്രിക്കെറ്റെന്നാല്‍ ഇന്ത്യക്ക് ഒടുങ്ങാത്ത പോരാട്ടവീര്യത്തിന്റെ കഥയാണ്. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പട്ട ക്രിക്കറ്റ് ഭ്രാന്തന്മാരുള്ള നമ്മുടെ നാട്ടില്‍ പക്ഷെ ‘ഇന്ത്യ’ എന്ന ആവേശം വനിതാ ക്രിക്കറ്റിന് ലഭിച്ചിരുന്നില്ല. പന്ത്രണ്ട് വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുന്നത് ഇത് രണ്ടാം തവണ. നാളെ മിതാലി രാജും സംഘവും ഇംഗ്ലണ്ടുമായി ലോര്‍ഡ്‌സില്‍ പോരാടുമ്പോള്‍ 2005ല്‍ ഓസ്‌ട്രേലിയയോട് പരാജയപ്പട്ടതിനുശേഷമുള്ള ഇന്ത്യയുടെ ശക്തമായ മടങ്ങിവരവാണെന്നതാണ് ടീമിന്റെ കരുത്ത്.

ആരാധക ശ്രദ്ധയത്രയും പുരുഷ ക്രിക്കറ്റില്‍ ആയിരുന്നതിനാല്‍ 2005ല്‍ ഫൈനലിലെത്തിയ ഇന്ത്യന്‍ വനിതാ ടീമിനെ അധികമാരും തിരിച്ചറിഞ്ഞില്ലെന്നു മാത്രമല്ല ടെലിവിഷനുകളില്‍ പോലും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയിരുന്നില്ല. 1973ല്‍ പുരുഷന്മാരുടെ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നതിനും മുന്‍പേ വനിതാ ലോകകപ്പ് ആരംഭിച്ചിരുന്നു. ക്രിക്കറ്റിന്റെ പെണ്‍പെരുമയില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം വലിയ വിജയമൊന്നും ഇന്ത്യക്ക് ഇല്ലാതിരുന്ന ഘട്ടത്തിലാണ് ലോക ചാമ്പ്യന്മാരും ലോക ക്രിക്കറ്റിലെ വന്‍ ശക്തികളുമായ ഓസ്‌ട്രേലിയയ്‌ക്കെതിരെ പോരാടി ലോകകപ്പ് സെമി ഫൈനല്‍ പോലൊരു വലിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതും ഫൈനലില്‍ പ്രവേശിച്ചതും. സെമി ഫൈനല്‍ മത്സരത്തില്‍ ഓസീസ് പടയ്ക്ക് മുന്നില്‍ പതറിയ ഇന്ത്യക്ക് തുണയായത് ക്രീസിലെ വീരേന്ദര്‍ സേവാങ്ങിന്റെ ആരാധികയായ ഹര്‍മ്മന്‍ പ്രീത് കൗര്‍ എന്ന വൈസ് ക്യാപ്ടന്റെ സമയോചിതമായ പ്രകടനമായിരുന്നു.

സിഡ്‌നി തണ്ടറിന്റെ ബിഗ് ബാഷുകള്‍ നല്‍കിയ അനുഭവ പരിചയമാവാം വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മഹത്തരമായ ഇന്നിങ്‌സ് നേടുവാന്‍ കൗറിനു പ്രചോദനമായത്. 1983ലെ പുരുഷവിഭാഗം ലോകകപ്പില്‍ സിംബാബ്വേയ്‌ക്കെതിരെ കപില്‍ ദേവ് കളിച്ച ഇന്നിങ്‌സിനോടാണ് ഹര്‍മ്മന്‍ പ്രീത് കൗറിന്റെ ഇന്നിങ്‌സിനെ ക്രിക്കറ്റ് ലോകം താരതമ്യപ്പെടുത്തുന്നത്. കന്നിക്കിരീടം ലക്ഷ്യമിടുന്ന ഇന്ത്യന്‍ ടീമിനെ നയിക്കുന്ന പരിചയസമ്പന്നയായ ക്യാപ്ടന്‍ മിതാലി രാജ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ടെന്‍ഡുല്‍ക്കര്‍ എന്നറിയപ്പെടുന്ന താരമാണ്.

വനിതാ ക്രിക്കറ്റ് ടീമില്‍ കഴിഞ്ഞ 17 വര്‍ഷമായി മിതാലി രാജുണ്ട്. ഇക്കഴിഞ്ഞ ദിവസത്തെ സെമി ഫൈനലില്‍ അവസാന നിമിഷങ്ങളില്‍ ഇന്ത്യയെ കുഴക്കിയ ഓസീസ് താരത്തിന്റെ ലെഗ് സ്റ്റംപ് തെറിപ്പിച്ച ദീപ്തി ശര്‍മ 19 വയസു മാത്രം പ്രായമുള്ള ഓള്‍റൗണ്ടറാണ്.

വേദ കൃഷ്ണമൂര്‍ത്തിയും സ്മൃതി മന്ദാനയുമുള്‍പ്പടെയുള്ള മികച്ച താരങ്ങാളണ് ഇന്ത്യന്‍ വിജയത്തിന്റെ ശില്‍പികള്‍. ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് ഹര്‍മ്മന്‍ പ്രീത് കൗറാണ്.

2009 മുതല്‍ എല്ലാ ഫൈനലിലും മുടങ്ങാതെ സാന്നിധ്യമറിയിച്ച ഓസ്‌ട്രേലിയന്‍ ടീമിനെ അട്ടിമറിച്ച് ഇന്ത്യ സെമി ഫൈനലില്‍ നടത്തിയ കുതിപ്പാണ് നാളെ നടക്കുന്ന ഫൈനലിനെ ഏറെ ആവേശഭരിതമാക്കുന്നത്. ഭാഗ്യമോ എതിരാളിയുടെ ദൗര്‍ബല്യമോ മുതലെടുത്ത് നേടിയതല്ല, മറിച്ച് ഒടുങ്ങാത്ത പോരാട്ട വീര്യം മാത്രം കൈമുതലാക്കി പൊരുതി നേടിയ വിജയമാണ് ഇന്ന് ഇന്ത്യന്‍ വനിതാ ടീമിനെ ലോകകപ്പ് ഫൈനലിലെത്തിച്ചത്. 1983ല്‍ കപില്‍ദേവ് നയിച്ച് ഇന്ത്യ ആദ്യ കിരീടമണിഞ്ഞ അതേ ലോര്‍ഡ്‌സ് മൈതാനത്തെ പിച്ചില്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ പെണ്‍പട കിരീടം നേടിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാള്‍ വഴികളില്‍ സുവര്‍ണ ലിപിയില്‍ എഴുതി ചേര്‍ക്കേണ്ട ചരിത്രമായത് മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here