
ലോര്‍ഡ്‌സ്: 34 വര്‍ഷംമുമ്പ് കപിലും കൂട്ടരും വെസ്റ്റിന്‍ഡീസെന്ന രാജാക്കന്മാരുടെ കിരീടം തകര്‍ത്തെറിഞ്ഞ ലോര്‍ഡ്‌സില്‍ ഇന്ന് മിതാലി രാജും സംഘവും. 1983ലെ ജൂണ്‍ 25ന് ലോര്‍ഡ്‌സിന്റെ നെറുകയില്‍ കപില്‍ ദേവ് കപ്പുയര്‍ത്തി. മിതാലി രാജിനും കപ്പിനും ഇടയില്‍ ഇനി 100 ഓവര്‍മാത്രം. യോഗ്യതാമത്സരം കളിച്ചെത്തി, ആറുതവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഫൈനലിലേക്കുകുതിച്ച ഇന്ത്യന്‍വനിതകള്‍ കപിലിന്റെ ചെകുത്താന്‍മാരെപ്പോലെതന്നെയാണ് മുന്നേറിയത്. ആതിഥേയരായ ഇംഗ്ലണ്ടുമായാണ് അവസാനപോരാട്ടം. ആദ്യറൗണ്ടില്‍ ഇന്ത്യ തോല്‍പ്പിച്ച ടീം. ആ മികവ് ആവര്‍ത്തിച്ചാല്‍ ആദ്യമായി ഇന്ത്യക്ക് വനിതാ ലോകകപ്പിനെ മാറോടണയ്ക്കാം.
ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോള്‍ ഇന്ത്യന്‍ സംഘത്തില്‍ മിതാലി രാജ്മാത്രമായിരുന്നു സൂപ്പര്‍താരം. ഇന്ന് കലാശക്കളിയിലെത്തുമ്പോള്‍ ടീമിലെ 11 പേരും സൂപ്പര്‍താരങ്ങളാണ്. ഓസീസ് വനിതകളെ നിലംപരിശാക്കിയ ഹര്‍മന്‍പ്രീത് കൗര്‍, ഇംഗ്ലണ്ടിനോട് സെഞ്ചുറി കുറിച്ച ഇരുപത്തൊന്നുകാരി സ്മൃതി മന്ദാന, കൌമാരതാരം ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരി ജൂലന്‍ ഗോസ്വാമി, പൂനം റാവത്ത് അങ്ങനെ ആ നിര നീളും. രണ്ട് കളിയിലാണ് ആകെ തോറ്റത്. പ്രാഥമികഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക, ഓസീസ് ടീമുകള്‍ക്കെതിരെയായിരുന്നു ആ തോല്‍വികള്‍.
കളി തുടങ്ങുംമുമ്പ് മിതാലി നടത്തിയ പ്രതികരണത്തിലുണ്ട് ഈ ടീമിന്റെ വീര്യം. ഇന്ത്യ, പാകിസ്ഥാന്‍ രാജ്യങ്ങളില്‍വച്ച് താങ്കളുടെ ഇഷ്ട പുരുഷതാരം ആരാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉശിരുള്ള മറുപടി വന്നു. ഇതേ ചോദ്യം നിങ്ങള്‍ പുരുഷ ക്രിക്കറ്റര്‍മാരോട് ചോദിക്കുമോ, വനിതാതാരങ്ങളില്‍ ആരെയാണ് ഇഷ്ടമെന്ന്. ആ ഉത്തരത്തിന്റെ തുടര്‍ച്ചയായിരുന്നു പിന്നീടുള്ള ഇന്ത്യന്‍ടീമിന്റെ പ്രകടനങ്ങള്‍. അത്തരമൊരു ചോദ്യം ഇനിയുണ്ടാകില്ല. ഇംഗ്ലണ്ടിനെതിരായ കളി കാണാനെത്തിയത് 31,000 പേരാണ്. ലോര്‍ഡ്‌സിലെ ഫൈനല്‍ കാണാനും അത്രയും ആളുകളെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here