ദശാബ്ദങ്ങളായി ഹൃദയബന്ധം പുലര്‍ത്തിയ ഇടതു സഹപ്രവര്‍ത്തകന്‍

ഏറെ നടുക്കത്തോടെയാണ് അദ്ദേഹം ആശുപത്രിയില്‍ അവശനിലായിലാണെന്നത് കേട്ടത്. വേര്‍പാടും വിശ്വസിക്കാനാവുന്നില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും കുടുംബാഗങ്ങള്‍ക്കുമുള്ള ദു:ഖത്തില്‍ ഏറെ വേദനയോടെ പങ്കു ചേരുന്നു. വ്യക്തിപരമായി കൂടി നല്ല സഹപ്രവര്‍ത്തകന്റെ നഷ്ടം.

മീനിച്ചില്‍ താലൂക്കിലെ സ്‌ക്കൂളുകളിലും കോളേജിലും പഠിച്ച് പൊതുരംഗത്തേക്ക് വന്ന ഉഴവൂര്‍ വിജയനുമായി പരിചയപ്പെട്ട നാള്‍ മുതല്‍ പ്രത്യേക അടുപ്പം പുലര്‍ത്തിയിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് ഞാനും പൊതുരംഗത്തു വന്നത് എന്നത് അതിനൊരു കാരണമാകാം.

കെഎസ്യു നേതാവ് എന്ന നിലയിലാണ് ഉഴവൂര്‍ വിജയന്‍ കോട്ടയവുമായി അടുത്തു തുടങ്ങുന്നത്. കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി എന്നിവരെല്ലാമായി അദ്ദേഹത്തിന് ചെറുപ്പം മുതല്‍ സൌഹൃദമുണ്ടായിരുന്നു. എണ്‍പതില്‍ കോണ്‍ഗ്രസിലെ ഒരു ചേരി എകെ ആന്റണിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫിലെത്തി. പിന്നീട് ആന്റണിയും കൂട്ടരും മടങ്ങിപ്പോയി. അപ്പോള്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി രൂപീകരിച്ച കോണ്‍ഗ്രസ് എസുമായി വിജയന്‍ എല്‍ഡിഎഫിനൊപ്പം വന്നു. പിന്നീട് ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചപ്പോള്‍ ഉഴവൂരും കൂട്ടരും അക്കൂടെയായി. എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ എല്‍ഡിഎഫിലും ഏറ്റവും വലിയ പിന്‍ബലവും സഹകരണവും സമ്മാനിച്ചത് ഏറെ കടപ്പാടോടെയെ ഓര്‍ക്കാനാവൂ.

കോണ്‍ഗ്രസിനൊടും ബിജെപിയോടും വിട്ടു വീഴ്ച്ചകളില്ലാത്ത നയമായിരുന്നു എക്കാലവും വിജയന്റെത്. ദേശീയ തലത്തില്‍ എന്‍സിപി നയങ്ങള്‍ക്ക് നേരിയ ചില ചാഞ്ചാട്ടങ്ങള്‍ വരുമ്പോഴും അസന്നിഗ്ദ്ധമായി ഇടതുപക്ഷ ചേരിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് ജനാധിപത്യ കക്ഷികളിലെ ഇടതുപക്ഷക്കാരാനാകാന്‍ കഴിഞ്ഞു. മുന്നണിയെ നയിക്കുന്ന സിപിഐ എമ്മുമായും അതിന്റെ നേതാക്കളുമായും ഹൃദയ ബന്ധം സൂക്ഷിച്ച നേതാവായിരുന്നു.

രാഷ്ട്രീയമായി അദ്ദേഹം നല്‍കയിരിക്കുന്ന പിന്‍ബലവും എടുത്തു പറയേണ്ടതാണ്. ഏതാനും മാസങ്ങള്‍ മുമ്പ് എന്‍സിപിയുടെ മന്ത്രി രാജിവെച്ച് പകരം മന്ത്രി വരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ വിവാദങ്ങളെ അദ്ദേഹം ചിരിച്ചുകൊണ്ടകറ്റി. ചില വിമര്‍ശനങ്ങള്‍ ചില കോണുകളില്‍ നിന്ന് വന്നപ്പോള്‍ അതൊക്കെ താമശയെന്ന് പറഞ്ഞ് പ്രതിരോധം തീര്‍ത്തു. നിര്‍മലവും സുതാര്യവുമായ മനസ്സുമായാണ് പൊതുരംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നത്. നര്‍മത്തില്‍ ചാലിച്ച രാഷ്ട്രീയ പൊതുവിമര്‍ശനങ്ങളിലൂടെ നമ്മെയെല്ലാം ചിരിപ്പിച്ച ആ വ്യക്തിത്വത്തിന്റെ വേര്‍പാട് ഏറെ ദു:ഖിപ്പിക്കുന്നു. ഒരു കാരണം അപ്രതീക്ഷിതവും അകാലത്തിലുമുള്ള വേര്‍പാടെന്നതു തന്നെ. മറ്റൊന്ന് ഇനിയും ഈ നാടിനെ സേവിക്കാന്‍ ഏറെക്കാലം ബാക്കിയുള്ള പ്രായത്തിലാണ് പ്രിയപ്പെട്ട വിജയന്‍ അന്ത്യയാത്രക്കൊരുങ്ങുന്നത്.

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയായരിക്കെ കോണ്‍ഗ്രസ് എസ് നേതാവെന്ന നിലയില്‍ എല്‍ഡിഎഫിന്റെ പ്രസംഗ വേദികളില്‍ നിറഞ്ഞിരുന്നു. പിന്നിട് എന്‍സിപി നേതാവായും സംസ്ഥാന പ്രസിഡന്റായും കേരളമാകെ പ്രസംഗ വേദികളില്‍ എത്തി. എല്‍ഡിഎഫും സിപിഐ എമ്മും ഏറ്റെടുക്കുന്ന പ്രാചാരണ ജാഥകളിലടക്കം പ്രാസംഗികനായി.

ജന്മ സിദ്ധമായ നര്‍മ ബോധമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രസംഗ ആയുധം. തെരഞ്ഞെടുപ്പ് നാളുകളിലും മറ്റും ഉഴവൂര്‍ വിജയനെ പ്രാസംഗികനായി കിട്ടാന്‍ ശുപാര്‍ശ നടത്തണമെന്നുപോലും പ്രവര്‍ത്തകര്‍ നിര്‍ബന്ധിക്കുമായിരുന്നു. ഗ്രാമീണ നര്‍മം കലര്‍ന്ന രാഷ്ട്രീയ വിമര്‍ശകരിലെ പ്രമുഖനായിരുന്നതുകൊണ്ടുകൂടിയാണിത്. ഉഴവൂര്‍ കുറിച്ചിത്താനം ഗ്രാമത്തില്‍ നിന്നുള്ള ഈ നേതാവ് മലബാറിലെയടക്കം ഉള്‍ഗ്രാമങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. ആ വേര്‍പാട് എക്കാലവും ഇടത് ചേരിക്ക് തീരാ നഷ്ടം തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News