അഴിമതിക്കാരെ വെള്ളപൂശും; അഴിമതി അന്വേഷിച്ച കമ്മീഷനെ പുറത്താക്കും; കാവിയില്‍ പൊതിഞ്ഞ ബിജെപി ഇങ്ങനെയൊക്കെയാണ്

തിരുവനന്തപുരം: BJP സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന മെഡിക്കല്‍ കോളേജ് കോഴ അഴിമതിയില്‍ BJP നേതാക്കള്‍ക്കിടയിലെ പോരിന് ആക്കം കൂട്ടിയിരിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന BJP സംസ്ഥാന കോര്‍ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കണമെന്നും കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പി.കെ.കൃഷ്ണദാസ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നു.

കോര്‍ കമ്മിറ്റിയുടെ മിനിട്‌സ് സഹിതം കേന്ദ്ര നേതാവു് ബി.എല്‍.സന്തോഷിന് കൈമാറി.റിപ്പോര്‍ട്ട് ചോര്‍ന്നതിനു പിന്നിലെ നേതാക്കളായ BJP സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, സംസ്ഥാന സെക്രട്ടറിയും മുരളീധരപക്ഷത്തെനേതാവുമായ വി.വി.രാജേഷ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് കൃഷ്ണദാസ് പക്ഷം പറയുന്നത്.

റിപ്പോര്‍ട്ട് ചോരുന്നതിന് ദിവസങ്ങള്‍ക്കു് മുന്‍പ് v .v.രാജേഷ് തിരുവനന്തപുരത്ത് നടന്ന ഒരു പാര്‍ട്ടി യോഗത്തില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആഞ്ഞടിച്ചിരുന്നു. ഇക്കാര്യം കോര്‍ കമ്മിറ്റി യോഗത്തില്‍ പി.കെ.കൃഷ്ണദാസ് പക്ഷത്തെ രണ്ട് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എ.കെ.നസീറിന്റെ ഹോട്ടലില്‍ വച്ച് വി.വി.രാജേഷ് ,റിപ്പോര്‍ട്ട് ചില നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കി യെന്നും കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതാക്കളോട് പറഞ്ഞു.

കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഗൂഢനീക്കമാണ് റിപ്പോര്‍ട്ട് ചോര്‍ത്തലിന് പിന്നിലെന്നാണ് എം.ടി.രമേശ് യോഗത്തില്‍ ഉന്നയിച്ചത്. എം.ടി.രമേശിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് പി.എസ്.ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. അതേ സമയം അഴിമതി ആരോപണ വിധേയനായ എം.ടി.രമേശിനെ വെള്ളപൂശി ക്ലീന്‍ ചിറ്റും യോഗത്തില്‍ കുമ്മനം രാജശേഖരന്‍ നല്‍കി.

എന്നാല്‍ എം ടി രമേശിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടതിനാലാണ് തങ്ങളുടെ നേതാവ് വി.വി.രാജേഷിനെ പ്രതികൂട്ടിലാക്കിയതെന്നാണ് വി.മുരളീധരപക്ഷം പറയുന്നത്. യോഗത്തില്‍ കുമ്മനത്തെ ആക്രമിച്ച് സമ്മര്‍ദ്ദത്തിലാക്കി രാജിവയ്പ്പിച്ച് ആ സ്ഥാനം തട്ടിയെടുക്കാമെന്ന വി.മുരളീധരപക്ഷത്തിന്റെ ശ്രമം പി.എസ്.ശ്രീധരന്‍പിള്ള ഇടപെട്ട് തകര്‍ക്കുകയായിരുന്നു. എന്തുവന്നാലും കുമ്മനത്തെ മാറ്റാന്‍ ആകില്ലെന്ന നിലപാടാണ് കേന്ദ്ര നേത്യത്വത്തിനും RSS നും ഉള്ളത്.

അതേസമയം ഒരു അഴിച്ചുപണി BJP സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ ഉടന്‍ ഉണ്ടാകും. റിപ്പോര്‍ട്ട് ചോര്‍ത്തിയവരുടെ കാര്യത്തിലും കേന്ദ്ര തീരുമാനം പെട്ടെന്നു തന്നെ സംസ്ഥാനത്തെ അറിയിക്കും. യോഗത്തില്‍ കേന്ദ്ര നേതൃത്വം താക്കീത് കൊടുത്തിട്ടും ഗ്രൂപ്പ് പോര് കെട്ടടങ്ങുന്നില്ലെന്ന വിലയിരുത്തല്‍ ബി.എല്‍.സന്തോഷ് അമിത് ഷായെ അറിയിച്ചിട്ടുണ്ട്. പനി മാറിയാല്‍ ഉടന്‍ കുമ്മനത്തോട് ദില്ലിയില്‍ എത്താനും അമിത് ഷാ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ആരോപണ പ്രത്യാരോപണങ്ങള്‍ വീണ്ടും ഉന്നയിച്ചും നടപടി എടുക്കുതെന്ന് അഭ്യര്‍ത്ഥിച്ചും നടപടി കടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടും വി.മുരളീധരപക്ഷവും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതാവായ ബി.എല്‍.സന്തോഷിന്റെ പിന്നാലെ കൂടിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here