അവഗണനയുടെ പുറമ്പോക്കില്‍ നിന്ന് മുഖ്യധാരയിലേക്ക്; ഇന്ത്യന്‍ ക്രിക്കറ്റില്‍ തല ഉയര്‍ത്തി പെണ്‍പുലികള്‍

അവഗണനയുടെ പുറമ്പോക്കില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് തല ഉയര്‍ത്തി നടന്നു വരികയാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍. ലോക ക്രിക്കറ്റിന്റെ റെക്കോര്‍ഡ് പുസ്തകങ്ങളില്‍ ഇന്ത്യന്‍ വനിതകളുടെ പേരുകള്‍ സുവര്‍ണ അക്ഷരങ്ങളില്‍ എഴുതുമ്പോള്‍ നാം ഇതുവരെ കണ്ട ക്രിക്കറ്റിന്റെ അച്ചടി ക്രമങ്ങള്‍ പൂര്‍ണമായും മാറുകയാണ്, സച്ചിന്റേയും കോലിയുടേയും ധോണിയുടേയും ഒക്കെ പേരുകളുടെ കൂടെ മിഥാലി രാജും, ഹര്‍മന്‍ പ്രീത് കൗറും, സ്മൃതി മന്ഥാനയുമൊക്കെ ഇടം പിടിക്കുമ്പോള്‍ അതിന് കളിക്കും, കളിക്കളത്തിന് പുറത്തും ഒരുപാട് അര്‍ത്ഥങ്ങള്‍ കടന്നു വരും.

ഔദ്യോഗികമായി ബിസിസിഐയുടെ ഭാഗമാണെങ്കിലും വനിതാ ക്രിക്കറ്റിന്റെ സ്ഥാനം എന്നും ബിസിസിഐയുടെ പിന്നാമ്പുറങ്ങളില്‍ തന്നെയായിരുന്നു. ജഴ്‌സിയിട്ട് മൈതാനത്തിലിറങ്ങിയാല്‍ പെട്ടി നിറയെ കാശുമായി മടങ്ങുന്ന പുരുഷ താരങ്ങളുടെ അവസ്ഥയായിരുന്നില്ല വനിതകളുടേത്.

അവരെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കാന്‍ ഒരു പരസ്യക്കാരും അന്വേഷിച്ച് വന്നിരുന്നില്ല. മാച്ച് ഫീ പോലും പുരുഷന്‍മാരെ അപേക്ഷിച്ച് നോക്കിയാല്‍ വളരെ കുറവായിരുന്നു. ഒരു പരിധി വരെ ആരാധകരും വനിതാ ക്രിക്കറ്റിനോട് പുറം തിരിഞ്ഞു നിക്കുകയായിരുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ ഇന്ത്യയുടെ പെണ്‍പുലികള്‍ ചരിത്രങ്ങള്‍ മാറ്റിയെഴുതി.

ഇന്ന് ക്രിക്കറ്റ് ലോകം മുഴുവന്‍ ഇന്ത്യന്‍ വനിതകളെ ആഘോഷിക്കുമ്പോല്‍ അത് കാലത്തിന്റെ മധുരമായൊരു പ്രതികാരം കൂടിയാകുന്നു. ഹര്‍മന്‍ പ്രീത് കൗറിന്റെ അമ്മ സതീന്ദര്‍ കൗര്‍ പറഞ്ഞതുപോലെ പെണ്‍കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു സമൂഹത്തിനുള്ള മറുപടി കൂടിയാണ് ഈ നേട്ടങ്ങള്‍. വളയിട്ട കൈകളില്‍ ആ വിശ്വകിരീടം ഉയരുന്ന നിമിഷങ്ങല്‍ക്കായി നമുക്കും കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here