വനിതാ ലോകകപ്പ് ഫൈനലിലേക്കുള്ള വിജയ വഴി

ലണ്ടന്‍: വനിതാ ലോകകപ്പിന്റെ വഴിത്താരയില്‍ 2005ലാണ് ഇതിനുമുന്‍പ് ടീം ഇന്ത്യ ഫൈനല്‍ മുഖത്തെത്തിയത്. ഇത്തവണ ഇന്ത്യയുടെ ആദ്യ മത്സരം ആതിഥേയരും കലാശക്കളിയിലെ എതിരാളികളുമായ ഇംഗ്ലണ്ടിനോടു തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50ഓവറില്‍ 3വിക്കറ്റ് മാത്രം നഷ്ടത്തില്‍ 281 റണ്‍സെടുത്തു. ആ മത്സരത്തില്‍ തന്നെ ഇന്ത്യയുടെ ബാറ്റിംഗ് പ്രഭ തിളക്കമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്.

പൂനം റൗത്ത്,സ്മൃതി മന്ദാന,ക്യാപ്റ്റന്‍ മിഥാലി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 47.3ഓവറില്‍ 246റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കി 47റണ്‍സിന്റെ വിജയം ഇന്ത്യയ്ക്ക്.

രണ്ടാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ 183ന് 8വിക്കറ്റ് എന്ന നിലയില്‍ തളയ്ക്കാന്‍ ഇന്ത്യയ്ക്കായി. ദീപ്തി ശര്‍മ്മ, പൂനം യാദവ്, ഹര്‍മന്‍ പ്രീത് എന്നിവര്‍ 2 വീതം വിക്കറ്റെടുത്ത് ബൗളിംഗ് സാന്നിദ്ധ്യമായി. വിജയ ലക്ഷ്യത്തിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ദാനയുടെ 106റണ്‍സിന്റെ മികവില്‍ വിജയം കുറിച്ചു. ക്യാപ്റ്റന്‍ മിഥാലിയുടെ 46റണ്‍സോടെയുള്ള ഉറച്ച പിന്തുണ 7വിക്കറ്റ് ജയമാണ് സമ്മാനിച്ചത്.
മൂന്നാമത്തെ മത്സരം ചിരവൈരികളായ പാക്കിസ്ഥാനോടായിരുന്നു. ഇത്തവണ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. 50ഓവറില്‍ 169 ന് 9എന്ന നിലയില്‍ ഇന്ത്യയെ പാക് ബൗളര്‍മാര്‍ വരിഞ്ഞ് മുറുക്കി. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍ ഏക്തയുടെ സ്പിന്‍ തന്ത്രങ്ങള്‍ക്കു മുന്നില്‍ പാക് താരങ്ങള്‍ വട്ടം കറങ്ങിയതോടെ കേവലം 79റണ്‍സിന് അവര്‍ കൂടാരം കയറി.
നാലാമത്തെ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 232 ന് 8എന്ന നിലയില്‍ സുരക്ഷിത സ്‌കോര്‍ കുറിച്ചു. വീണ്ടും ക്യാപ്റ്റന്‍ മിഥാലി മുന്നില്‍ നിന്ന് നയിച്ചതിനൊപ്പം ദീപ്തിശര്‍മ്മയുടെ ബാറ്റിംഗും അര്‍ധസെഞ്ച്വറികളായി ഇന്ത്യന്‍ സ്‌കോറിന് ബലം നല്‍കി. ശ്രീലങ്കയെ 216 ന് 7എന്ന നിലയില്‍ ഇന്ത്യ തളച്ചു. 16റണ്‍സിന് വീണ്ടും ജയം.

അഞ്ചാമത്തെ മത്സരത്തില്‍ ഇന്ത്യയുടെ തേരോട്ടത്തിന് തിരിച്ചടിയുണ്ടായി. ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്തു. ലിസല്ലെയുടെ 93റണ്‍സ് നേട്ടത്തില്‍ 273 ന് 3എന്ന മികച്ച സ്‌കോര്‍. ഇന്ത്യയെ 158 റണ്‍സിന് തളച്ചു ആഫ്രിക്കന്‍ പട. ആറാമത്തെ മത്സരത്തില്‍ കങ്കാരുപ്പടയോട് വീണ്ടും തോല്‍വി. 226റണ്‍സ് വിജയലക്ഷ്യം വേഗം കങ്കാരുപ്പട മറികടന്നു.

ഈ ഘട്ടത്തിലാണ് വനിതാടീമിന്റെ ക്യാപ്റ്റന്‍ മിഥാലി ഏറ്റവും വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്. നിര്‍ണ്ണായകമായ ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ 109 റണ്‍സെടുത്ത് മിഥാലി ഇന്ത്യയെ നയിച്ചു. 45പന്തില്‍ 70റണ്‍സെടുത്ത് വേദ കൃഷ്ണമൂര്‍ത്തിയും തീപകര്‍ന്നു. രാജേശ്വരി 5 വിക്കറ്റുകള്‍ കൂടി പിഴുത് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര ഗംഭീരമാക്കി.

സെമിയില്‍ കംഗാരുക്കൂട്ടമായിരുന്നു ഇന്ത്യന്‍ പെണ്‍പുലികളുടെ എതിരാളികള്‍. ഇതിഹാസ ക്രിക്കറ്റ് താരങ്ങളെപോലും വിസ്മയിപ്പിച്ച ഇന്നിംഗ്‌സിലൂടെ ഹര്‍മന്‍ പ്രീത് കൗര്‍ കൊടുങ്കാറ്റായി മാറിയപ്പോള്‍ ഓസ്‌ട്രേലിയയെ കണക്കു തീര്‍ത്ത് അടിയറവ് പറയിച്ചാണ് കലാശക്കളിക്ക് ഇടം പിടിച്ചത്. പുരുഷമേധാവിത്വത്തില്‍ നിന്ന് ക്രിക്കറ്റിന്റെ ഇന്ത്യന്‍ ചരിത്രം ഇപ്പോള്‍ തന്നെ മാറിക്കഴിഞ്ഞു. വിജയമോ തോല്‍വിയോ അതിനിനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here