ദില്ലി: സൗദിയിലേക്ക് തൊഴില്‍ തേടി പോകുന്ന ഇന്ത്യക്കാര്‍ക്കുള്ള പുതിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കരുത് എന്നതുള്‍പ്പെടെ സൗദി അറേബ്യയില്‍ നിരോധിച്ചിട്ടുള്ള വസ്തുകളൊന്നും യാത്രയില്‍ കരുതരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
ജോലിക്കായി സൗദിയിലേക്ക് പുറപ്പെടുന്നവര്‍ക്കുള്ള പരിഷ്‌കരിച്ച നിര്‍ദേശങ്ങളാണിവ. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴില്‍ അന്വേഷിച്ച് പോകുന്ന രാജ്യം എന്നത് കണക്കിലെടുത്ത് സൗദിയിലെത്താനും സുരക്ഷിതമായി കഴിയാനുമായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്ന രാജ്യം എന്ന നിലയില്‍, സൗദി നിയമങ്ങളോട് പൊരുത്തപ്പെടേണ്ടേത് എങ്ങനെയെന്നും നിയമം ലംഘിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളും നിര്‍ദേശങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
മന്ത്രത്തകിടുകള്‍, കറുത്ത ചരട്, മയക്കുമരുന്നുകള്‍, കസ്‌ക്‌സ, ഖറ്റ് ഇലകള്‍, പാന്‍ മസാല, മറ്റ് മതഗ്രന്ഥങ്ങള്‍,പന്നിയിറച്ചിയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, എന്നിവ സൗദിയിലേക്ക് കൊണ്ടുപോകരുത് എന്നും നിര്‍ദേശമുണ്ട്.സൗദി നിയമം, ജോലി കരാര്‍ എന്നീ കാര്യങ്ങള്‍ തൊഴിലാളികളെ പരിചയപ്പെടുത്തുന്നതിനായാണ് പുതിയ നിര്‍ദേശങ്ങളെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
20,000 രൂപയില്‍ അധികം സര്‍വീസ് ചാര്‍ജ് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് ഈടാക്കാന്‍ അനുവാദമില്ലെന്നും സൗദി നിയമപ്രകാരം വിദേശത്ത് നിന്നും എത്തുന്ന തൊഴിലാളികളുടെ വിസ, ടിക്കറ്റ് എന്നിവയ്ക്കാവശ്യമായ തുക മുടക്കേണ്ടത് തൊഴില്‍ദാതാക്കളാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് തന്നെ ഇക്കാര്യങ്ങള്‍ അറബിയിലും ഇംഗ്ലീഷിലും സൂചിപ്പിച്ച് കൊണ്ടുള്ള കരാര്‍ നല്‍കിയിരിക്കണം.
എല്ലാ വിദേശ തൊഴിലാളികള്‍ക്കും സൗദി സര്‍ക്കാര്‍ സൗജന്യമായി സിം കാര്‍ഡ് നല്‍കുന്നുണ്ട്. അതിനാല്‍ സൗദിയിലക്ക് പോകുമ്പോള്‍ ഫോണ്‍ കയ്യില്‍ കരുതാനും നിര്‍ദേശമുണ്ട്.എന്തെങ്കിലും തരത്തിലുള്ള ക്രിമിനല്‍ കേസില്‍ പ്രതിച്ചേര്‍ത്തിട്ടുണ്ടെങ്കില്‍ യാതൊരു കാരണവശാലും ഇന്ത്യയിലെത്തിയ ശേഷം സൗദിയിലേക്ക് തിരിച്ച് പോകരുത് എന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജ്, ഉംറ, തൊഴില്‍ വിസകളിലും സൗദിയിലേക്ക് അത്തരക്കാര്‍ പോകരുത് എന്നാണ് നിര്‍ദേശം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here