ചായ കുടിക്കുന്നവര്‍ക്ക് അറിയോ? ചായയുടെ ചരിത്രം; അടുത്തത് കുടിക്കും മുന്‍പ് അത് അറിയണം

ഒരു ചായ അടിച്ചു വരാം….മലയാളികള്‍ ഓഫീസിലും വീട്ടിലും ഒക്കെ എന്തിന് ജോലിചെയ്യാതെ മടി കാണിക്കുന്നതിനടക്കം പറയുന്ന ഈ വാചകം സുപരിചിതം. എന്നാല്‍ ചായയുടെ ചരിത്രം ഒന്ന് നോക്കാം.

ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് (Shen Nung) ഒരു വേനല്‍ക്കാലത്ത് കാട്ടില്‍ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തില്‍ കുറച്ച് ഉണങ്ങിയ ഇലകള്‍ ഈ വെള്ളത്തില്‍ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച അദ്ദേഹത്തിനു ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ് ഐതിഹ്യം. ചായയുടെ പാനീയമൂല്യം തിരിച്ചറിഞ്ഞത് ചൈനാക്കാരാണ്.

ചൈനീസ് സംസ്‌കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപ്പെട്ടു. എ ഡി 800ല്‍ ബുദ്ധസന്യാസിയായ ലു യു ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി. അനാഥനായിരുന്ന ഇദ്ദേഹം ചൈനയിലെ ബുദ്ധവിഹാരങ്ങളിലൂടെ വളര്‍ന്നു വലുതായി. അക്കാദമിക് തലങ്ങളില്‍ അന്നുണ്ടായിരുന്നതില്‍ അഗ്രഗണ്യന്മാരിലൊരാളായി. വളരെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഗവേഷണങ്ങള്‍ക്കു ശേഷം അദ്ദേഹം പുരാതന ചൈനയില്‍ എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അത് എങ്ങനെ തയ്യാറാക്കുന്നതെന്നും മനസ്സിലാക്കി. വളരെക്കാലം നീണ്ടുനിന്ന ഈ ഗവേഷണത്തിനൊടുവില്‍ അദ്ദേഹം ചക്രവര്‍ത്തിയുടെ ബഹുമാനത്തിനു പാത്രമായി. സെന്‍ ബുദ്ധിസത്തിന്റെ വക്താവായിരുന്ന ഇദ്ദേഹം ചായകുടി അതിന്റെ ഒരു ഭാഗമാക്കി മാറ്റുകയുണ്ടായി. പില്ക്കാലത്തു സെന്‍ ബുദ്ധ സന്യാസിമാരിലൂടെ അതു ജപ്പാനിലെത്തിച്ചേര്‍ന്നു.

ജപ്പാനിലേക്കു തേയിലച്ചെടി ആദ്യമായി കൊണ്ടു വരുന്നതു യിസൈ എന്ന ബുദ്ധ സന്യാസിയാണ്. അദ്ദേഹം ചായയുടെ പിതാവായി ജപ്പാനില്‍ അറിയപ്പെടുന്നു. ചായ ഒരു രാജകീയ വിഭവമായി ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും, കോടതികളിലും മറ്റും നല്‍കി വന്നിരുന്നു. ചായ സല്കാരം ഒരു ചടങ്ങായി ജപ്പാനില്‍ ചാനൊയു എന്നപേരിലറിയപ്പെടുന്നു. ഇതിനെകുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഐറിഷ് ഗ്രീക്ക് സഞ്ചാരിയായിരുന്ന ലഫ്കാഡിയൊ ഹേം നല്‍കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു. ചായ സല്‍ക്കാരം എന്നുള്ളത് വര്‍ഷങ്ങള്‍ നീണ്ട ഒരു പരിശീലനത്തിനുശേഷം ചെയ്യുന്ന ഒരു പ്രവൃത്തിയായിരുന്നു, ഇതില്‍ ചായ ഉണ്ടാക്കുകയൊ കുടിക്കുകയൊ എന്നുള്ളതിനേക്കാളുപരി ഒരു മതാചാരം പോലുള്ള ചടങ്ങായിരുന്നു അത്. വളരെ ബഹുമാനത്തോടുകൂടിയ ചടങ്ങായി അത് ആചരിച്ചു പോന്നു.

ജപ്പാനിലെ ചായസല്‍ക്കാരത്തിനു ബഹുമാന്യ പദവി നല്‍കുവാനായി പരിശ്രമിച്ചിരുന്നവര്‍ ഇവരാണ്.

ഇക്ക്യു 1394-1481 പിന്നീട് സന്യാസിയായിത്തീര്‍ന്ന രാജകുമാരന്‍. ചായ സല്‍കാരം ഒരു ബഹുമാന്യമായ ചടങ്ങായി മാറുന്നതിനു മുഖ്യ പങ്കു വഹിച്ചു. മുറാത്ത ഷുകൊ 1422-1502 ഇക്ക്യുവിന്റെ ശിഷ്യന്‍. സെന്‍ നൊ റിക്കിയു (Sen-no Rikkyu (1521-1591) ചായ സല്ക്കാരം എങ്ങനെ നടത്തണമെന്നു നിഷ്‌കര്‍ഷിച്ചു. ജപ്പാനിലെ ചായ സല്‍ക്കാരത്തിന്റെ പിതാവെന്ന് കേള്‍വികൊണ്ട യോദ്ധാവായിരുന്ന ടൊയോടൊമി ഹിദെയോഷിയെ വളരെയധികം സ്വാധീനിച്ച വ്യക്തി. ചായയുടെ ഉപഭോഗം ചൈനയിലും ജപ്പാനിലും വര്‍ദ്ധിച്ചുകൊണ്ടിരുന്ന അവസരത്തില്‍ യൂറോപ്യന്മാര്‍ സഞ്ചാരികളിലൂടെയും മറ്റും ചായ എന്ന പാനീയത്തെ പറ്റി അറിഞ്ഞു തുടങ്ങി, എന്നാല്‍ ഇതെന്താണെന്നൊ ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നൊ യാതൊരു വിവരവും അവര്‍ക്കുണ്ടായിരുന്നില്ല.

ചിലരുടെ അഭിപ്രായത്തില്‍ ഇത് ഉപ്പിലിട്ടു തിളപ്പിച്ച്, വെണ്ണയോടൊപ്പം കഴിക്കേണ്ട ഒരു പാനീയമെന്നായിരുന്നു. 1560ല്‍ പോര്‍ച്ചുഗീസ് ജസ്യൂട്ട് പാതിരിയായിരുന്ന ജാസ്പര്‍ ഡി ക്രുസ് ആയിരുന്നു ഇതിനെക്കുറിച്ച് അറിയുകയും വിശദമായി എഴുതുകയും ചെയ്ത ആദ്യത്തെ യൂറോപ്യന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കപ്പല്‍വ്യൂഹം വഴി വിജയകരമായി ചായയുടെ വ്യാപാരം ചൈനയുമായി വാണിജ്യാടിസ്ഥാനത്തില്‍ ആരംഭിക്കുകയും ചെയ്തു.

ഹൊ…. നമ്മള്‍ കുടിക്കുന്ന ചായയുടെ ഒരു ചരിത്രമേ… ചായ കോപ്പയിലെ കൊടുങ്കാറ്റ് എന്നുളള പ്രയോഗം മാറ്റണമോ എന്നാലോചിച്ചാല്‍ നന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News