പീപ്പിള്‍ ബ്രേക്കിംഗ്.ജീവനക്കാരുടെ ശമ്പളം,പെന്‍ഷന്‍ എന്നിവ വകമാറ്റി ചിലവഴിച്ചു; ദേവസ്വംബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു

നാലുമാസത്തിനിടെ 17.8 കോടിയിലേറെ രൂപ മരാമത്ത് പ്രവൃത്തികള്‍ക്ക് വകമാറ്റി നല്‍കിയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെന്‍ഷന്‍ എന്നിവയ്ക്കായി മാറ്റിവച്ച കരുതല്‍തുകയാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ വക മാറ്റി ചെലവഴിച്ചത്.

ദേവസ്വംബോര്‍ഡ്പോലും അറിയാതെ ചില ഉദ്യോഗസ്ഥര്‍ അതീവരഹസ്യമായാണ് തുക വക മാറ്റിയത്. ഇതോടെ ദേവസ്വം ബോര്‍ഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ചില കരാറുകാരും തമ്മിലുള്ള അവിശുദ്ധബന്ധം മറനീക്കി പുറത്തുവന്നു.

ദേവസ്വം ജീവനക്കാര്‍ക്ക് വരുന്ന നവംബര്‍, ഡിസംബര്‍, 2018 ജനുവരി എന്നീ മാസങ്ങളിലെ ശമ്പളത്തിനും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനുമായി ധനലക്ഷ്മി ബാങ്കില്‍ മുന്‍കൂറായി നിക്ഷേപിക്കേണ്ട 18 കോടി രൂപയാണ് വകമാറ്റി അനുവദിച്ചത്. ഏപ്രിലില്‍ 7.5 കോടി, മെയില്‍ 3.5 കോടി, ജൂണില്‍ 3.75 കോടി, ജൂലൈയില്‍ 3.5 കോടി എന്നിങ്ങനെയാണ് ചില ഉദ്യോഗസ്ഥര്‍ അവരുടെ പ്രത്യേക താല്‍പര്യപ്രകാരം മരാമത്ത് പ്രവൃത്തികള്‍ക്കായി അനധികൃതമായി അനുവദിച്ചത്.

ദേവസ്വംബോര്‍ഡിന്റെ അനുമതിയില്ലാതെ കമീഷണറും ചീഫ് എന്‍ജിനിയറും ദേവസ്വം അക്കൗണ്ട്സ് ഓഫീസറും ചേര്‍ന്ന് മരാമത്ത് പ്രവൃത്തികള്‍ക്കായി തുക സ്വന്തം ഇഷ്ടപ്രകാരം അനുവദിക്കുകയായിരുന്നു. ബോര്‍ഡ് അനുമതിയോടെ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് ഓഫീസറാണ് 25,000 രൂപയ്ക്ക് മുകളിലുള്ള ഏത് തുകയും അനുവദിക്കേണ്ടത്.

മരാമത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി കരാറുകാര്‍ക്കുള്ള അവിശുദ്ധബന്ധത്തെതുടര്‍ന്ന് ശബരിമല അടക്കം ദേവസ്വം ബോര്‍ഡിന് കീഴിലെ പ്രമുഖ ക്ഷേത്രങ്ങളിലെ മരാമത്ത് പ്രവൃത്തി നിരവധി വര്‍ഷങ്ങളായി ഏതാനും ചില കരാറുകാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഈ കരാറുകാര്‍ക്ക് അതിവേഗം ബില്‍തുക പാസാക്കി കൊടുക്കാനും മറ്റും പ്രത്യേക താല്‍പര്യവും ഉദ്യോഗസ്ഥര്‍ കാട്ടുന്നു.

തങ്ങള്‍ക്ക് കിട്ടേണ്ട വിഹിതം വൈകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്നും ആരോപണമുണ്ട്. കഴിഞ്ഞദിവസം മൂന്നുകോടി രൂപ കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു കരാറുകാരന്‍ വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനുപിന്നിലും മറ്റുചില താല്‍പര്യങ്ങളാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അതിനിടെ, അടുത്ത് വിരമിക്കുന്ന ചീഫ്എന്‍ജിനിയര്‍ക്കും ദേവസ്വം അക്കൗണ്ട് ഓഫീസര്‍ക്കും ചില കരാറുകാര്‍ സെപ്തംബര്‍ 30ന് പത്തനംതിട്ടയിലെ ഒരു നക്ഷത്രഹോട്ടലില്‍ യാത്രയയപ്പ് സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. അടുത്തിടെ വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥന്‍ മുമ്പ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News