ജന്തര്‍മന്തിറില്‍ അനിശ്ചിത കാല സമരം നടത്തുന്ന തമിഴ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോടിയേരി ഡല്‍ഹിയില്‍

ദില്ലി: ജന്തര്‍മന്തിറില്‍ അനിശ്ചിത കാല സമരം നടത്തുന്ന തമിഴ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ സമരവേദിയിലെത്തി. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കതിരെ തമിഴ് കര്‍ഷകരുടെ രണ്ടാം ഘട്ട സമരം ഒരാഴ്ച പിന്നിട്ടു.

വ്യത്യസ്ത സമര മുറകളുമായി ദേശീയ ശ്രദ്ധ നേടിയ തമിഴ് കര്‍ഷക പ്രക്ഷാഭത്തിന് ഐക്യാദാര്‍ഢ്യവുമായാണ് കോടിയേരിയെത്തിയത്. അപ്രതീക്ഷിതമായി ജന്തര്‍ മന്ദിറിലെ സമരവേദിയിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ എത്തിയത് സമരക്കാര്‍ക്ക് ആവേശമായി.

കോടിയേരിയെ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ച തമിഴ് കര്‍ഷകര്‍ തങ്ങളുടെ പരാതികള്‍ ബോധിപ്പിച്ചു.കര്‍ഷകരുടെ സമരത്തിന് എല്ലാ പിന്തുണയും കോടിയേരി വാഗ്ദാനം ചെയ്തു.കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക,കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പ് വരുത്തുക,പെന്‍ഷനും ഇന്‍ഷുറന്‍സും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തമിഴ് കര്‍ഷകര്‍ പ്രതിഷേധം തുടരുന്നത്.

നേരത്തെ തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് 41 ദിവസത്തെ ഒന്നാം ഘട്ട സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നപ്പോഴാണ് രണ്ടാം ഘട്ട സമരവുമായി കര്‍ഷകര്‍ വീണ്ടും രാജ്യതലസ്ഥാനത്ത് എത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here