ദിലീപിന് കാരാഗൃഹവാസം തുടരാം; ഹൈക്കോടതി വിധി കേരള പൊലീസിനുള്ള അംഗീകാരം

കൊച്ചി: ദിലീപിന് ജാമ്യം നിഷേധിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച 12 പേജ് വിധിന്യായം പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനുമുള്ള അംഗീകാരമായി. ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. കുറ്റകൃത്യത്തില്‍ ദിലീപിനെ ബന്ധിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ കേസ് ഡയറിയില്‍ ഉണ്ടെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.

അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ല. നടന്നത് ക്രൂരമായ കുറ്റകൃത്യം. നടിയെ ആക്രമിച്ച സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചു. തന്റെ വൈവാഹിക ജീവിതം തകര്‍ത്തത് നടിയാണെന്ന വിശ്വാസത്തില്‍ പ്രതികാരം ചെയ്യുകയായിരുന്നു പ്രതി. വൈരാഗ്യബുദ്ധിയോടെ ഒരു സ്ത്രീയെ ആക്രമിച്ച സംഭവമാണിത്. കുറ്റകൃത്യം ആസൂത്രിതമെന്ന് വിലയിരുത്തിയ കോടതി അതില്‍ ദിലീപിന്റെ പങ്കിനുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ ശേഖരിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

ജാമ്യം നിഷേധിക്കാന്‍ മറ്റ് നിരവധി കാരണങ്ങളും കോടതി ചൂണ്ടിക്കാണിക്കുന്നു. പ്രധാന തൊണ്ടിമുതലായ ഫോണും മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്താനായില്ല. ഭാവിയില്‍ ദൃശ്യങ്ങള്‍ പുറത്തവന്നാല്‍ ഇരയുടെ ജീവിതത്തെ അത് ബാധിക്കും. അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രതി പ്രബലനാണ്. സിനിമാ മേഖലയില്‍ എല്ലാ രംഗത്തും ഇയാള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്ന പോലീസിന്റെ വാദവും കോടതി അംഗീകരിച്ചു.

ഗൂഢാലോചന നടന്നത് രഹസ്യമായി. ഇതിന് നേരിട്ട് തെളിവ് കണ്ടെത്തുക ദുഷ്‌ക്കരം. എന്നാല്‍ സാഹചര്യത്തെളിവുകള്‍ പരമാവധി ശേഖരിക്കാന്‍ പോലീസിനായി. പ്രതിയുടെ ലക്ഷ്യം തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു. പള്‍സര്‍ സുനി വിഷ്ണു മുഖേന ദിലീപിനെയും കൂട്ടാളികളെയും ബന്ധപ്പെടാന്‍ ശ്രമിച്ചതിന്റെ ശാസ്ത്രീയ തെളിവുകള്‍ നിര്‍ണ്ണായകമെന്നും കോടതി വിലയിരുത്തി. ഗുരുതരവും അപൂര്‍വ്വവുമായ കേസാണ് ഇതെന്ന വിലയിരുത്തലും നടത്തി.

പ്രോസിക്യൂഷനെതിരെ പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങളൊന്നും കോടതി മുഖവിലക്കെടുത്തില്ല. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയോ, സാഹചര്യം മാറിയ ശേഷം ഇതേ കോടതിയില്‍ മറ്റൊരു ഹരജി നല്‍കുകയോ ആണ് ഇനി ദിലീപിന് മുന്നിലുള്ള പോംവഴി. അതു വരെ പ്രമുഖ നടന് ആലുവ സബ് ജയിലില്‍ കാരാഗൃഹവാസം തുടരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here