സ്രാവിന് മുന്നില്‍ ഫെല്‍പ്‌സ് വീണു; രണ്ട് സെക്കന്റിന് തോറ്റെങ്കിലും താരം ഫെല്‍പ്‌സ് തന്നെ

നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യം മൈക്കല്‍ ഫെല്‍പ്സിനോ കടലിലെ സ്രാവിനോ കൂടുതല്‍ വേഗത. മത്സരത്തിനൊടുവില്‍ രണ്ട് സെക്കന്റിന് തോറ്റെങ്കിലും അസാധാരണ വേഗം പുറത്തെടുത്ത ഫെല്‍പ്‌സ് തന്നെ താരം. 100 മീറ്റര്‍ 36.1 സെക്കന്റില്‍ സ്രാവ് നീന്തിയെത്തിയപ്പോള്‍ ഫെല്‍പ്സിന് വേണ്ടിവന്നത് 38.1 സെക്കന്റ്. ആദ്യ 25 മീറ്ററില്‍ സ്രാവും ഫെല്‍പ്സും ഒപ്പമുണ്ടായിരുന്നു. പിന്നീടാണ് സ്രാവ് ഫെല്‍പ്സിനെ മറികടന്നത്.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ‘ഫെല്‍പ്സ് വേഴ്സസ് ഷാര്‍ക്ക്: ദ ബാറ്റില്‍ ഫോര്‍ ഓഷ്യന്‍ സുപ്രീമസി’ എന്ന പേരില്‍ ഡിസ്‌കവറി ചാനലാണ് മത്സരം സംഘടിപ്പിച്ചത്. 53 ഡിഗ്രി ഫാരന്‍ഹീറ്റുള്ള തണുത്ത വെള്ളത്തില്‍ അതീവ സുരക്ഷസംവിധാനത്തോടെയായിരുന്നു മത്സരം. ഒരു മില്ലിമീറ്റര്‍ കട്ടിയുള്ള സ്വിം സ്യൂട്ടായിരുന്നു ഫെല്‍പ്സ് ധരിച്ചത്.

മത്സ്യത്തിന്റെ വാലു പോലെയുള്ള മോണോഫിനും ധരിച്ചാണ് ഫെല്‍പ്സ് നീന്തിയത്. സാധാരണഗതിയില്‍ സ്രാവിന് ഒരു മണിക്കൂറില്‍ 25 മൈല്‍ എന്ന കണക്കില്‍ നീന്താനാകും. അതേസമയം ഫെല്‍പ്സിന് ഒരു മണിക്കൂറില്‍ ആറു മൈലാണ് നീന്താനാകുക. ഒരു തോല്‍വിയോടെ പിന്മാറാനില്ലെന്നും അടുത്ത തവണ ചൂടുവെള്ളത്തിലാകാം മത്സരമെന്നും ഫെല്‍പ്സ് പിന്നീട് ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ നീന്തല്‍ ഇതിഹാസമായ ഫെല്‍പ്സിന്റെ അക്കൗണ്ടില്‍ 28 ഒളിമ്പിക് മെഡലുകളുണ്ട്. അതില്‍ 23 എണ്ണം സ്വര്‍ണമാണ്. ഒളിമ്പിക്സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരം, സ്വര്‍ണം നേടിയ താരം എന്നീ റെക്കോര്‍ഡുകളും ഫെല്‍പ്സിന്റെ പേരിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here