ലോക്‌സഭയില്‍ മോശം പെരുമാറ്റം; കൊടിക്കുന്നില്‍, രാഘവന്‍ അടക്കം ആറു കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി

ദില്ലി: ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങളില്‍ ലോക്‌സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയ ആറ് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സുമിത്രാമഹാജന്‍ സസ്‌പെന്റ് ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എംകെ രാഘവന്‍ എംപി എന്നിവരടക്കമുള്ള എംപിമാരെ അഞ്ച് ദിവസത്തേക്കാണ് പുറത്താക്കിയത്. ചര്‍ച്ചയക്ക് അനുമതി നിഷേധിച്ചതിന് ചെയറിന് നേരെ പേപ്പര്‍ എറിഞ്ഞ് പ്രതിഷേധിച്ചതിനാണ് നടപടി. ബിജെപി നേതാക്കളുടെ കോഴ വിവാദത്തിലും ചര്‍ച്ചയക്ക് സ്പീക്കര്‍ അനുമതി നല്‍കിയില്ല.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വര്‍ഗീയവാദികളുടേയും ഗോരക്ഷാപ്രവര്‍ത്തകരുടേയും ആക്രമങ്ങളില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തിന് സംസാരിക്കാന്‍ പോലും സ്പീക്കര്‍ അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ച കോണ്‍ഗ്രസ് എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി.

സ്പീക്കറുടെ നിലപാടിന് എതിരെ കോണ്‍ഗ്രസ് എംപിമാര്‍ ചെയറിന് നേരെ പേപ്പര്‍ എറിഞ്ഞ് പ്രതിഷേധിച്ചു. സഭയ്ക്ക് നിരയയ്ക്കാത്ത പെരുമാറ്റങ്ങളാണ് എംപിമാര്‍ നടത്തുന്നതെന്ന് പറഞ്ഞ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആറ് കോണ്‍ഗ്രസ് എംപിമാരെ അഞ്ച് ദിവസത്തേക്ക് സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എംകെ രാഘവന്‍, അസമില്‍ നിന്നുള്ള എംപിമാരായ സുഷ്മിതാ ദേവ്, ജി ഗൊഗോയ്, ബിഹാര്‍ നിന്നുള്ള എംപി രഞ്ജീത്ത് രഞ്ജന്‍, പശ്ചിമബംഗാള്‍ എംപി, അദിരഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് എതിരെയാണ് അച്ചടക്ക നടപടി.

ഇറാഖില്‍ കാണാതായ ഇന്ത്യക്കാരെ കുറിച്ച് വിദേശകാര്യമന്ത്രി പ്രസതാവന നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നേരത്തെ പിരിഞ്ഞു. ഇതിനിടയില്‍ ബാങ്കിങ് പരിഷ്‌കാര ഓര്‍ഡിനനന്‍സ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി സഭയില്‍ അവതരിപ്പിച്ചു. ഗോരക്ഷാപ്രവര്‍ത്തകരുടെ ആക്രമണം രാജ്യസഭയിലും ചര്‍ച്ച ആയെങ്കിലും ബഹളത്തിന് വഴിവച്ചില്ല.

ഇസ്രായേല്‍ പലസ്തീന്‍ വിഷയത്തിലെ ഇന്ത്യന്‍ നിലപാട് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News