പകര്‍ച്ചവ്യാധി തടയാന്‍; കച്ചക്കെട്ടി കോഴിക്കോട്

കോഴിക്കോട്: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി ജില്ലാ ആരോഗ്യ വകുപ്പ്. ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി നാളെ ജില്ലയില്‍ മാസ് ക്യാമ്പയിന്‍ സംഘടിപ്പിക്കും. ബഹുജന പങ്കാളിത്തത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

പകര്‍ച്ചപ്പനി വ്യാപിക്കുന്നതിന്റെയും മലേറിയപോലുള്ള തുടച്ചുനീക്കപ്പെട്ട രോഗങ്ങള്‍ വീണ്ടും പടരുന്നതിന്റെയും ഭാഗമായാണ് മാസ് ക്യാമ്പയിന്‍. നഷ്ടപ്പെട്ട നല്ല ശീലങ്ങളിലേക്ക് ജനങ്ങളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യംകൂടി ക്യാമ്പയിനുണ്ട്. തദ്ദേശീയ മലമ്പനികൂടി വെള്ളയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മാസ് ക്യാമ്പയിന്‍ നടത്താന്‍ ആരോഗ്യ വകുപ്പ് മുന്നിട്ടറങ്ങുന്നത്.

ജില്ലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരേയും, സന്നദ്ധ പ്രവര്‍ത്തകരേയും ഏകോപിപ്പിച്ച് എല്ലാ വീടുകളിലും ചൊവ്വാഴ്ച്ച ബോധവത്കരണ സന്ദേശമെത്തിക്കാനാണ് പദ്ധതി. മൂന്ന് പേര്‍ 25 വീട് എന്ന നിലയില്‍ സന്ദര്‍ശിച്ച് കൊതുകു വളര്‍ച്ചയ്ക്കാവിശ്യമായ സാഹചര്യമുണ്ടോ എന്ന് പരിശോധിക്കും.. ഓരോ വീട്ടിലും കിണര്‍ ശുദ്ധീകരണത്തിനായി ബ്ലീച്ചിംഗ് പൗഡറും വിതരണം ചെയ്യും.

മലേറിയ, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത വീടുകളിലേയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ആളുകളുടെ രക്തസാമ്പിളുകള്‍ പരിശോധിച്ച് രോഗസാധ്യത നിര്‍ണയിക്കും. കക്കൂസ് കുഴലുകള്‍ കൊതുകുവലയിട്ട് മൂടാനും, വെള്ളം കെട്ടികിടക്കുന്ന സാധ്യമായ ഇടങ്ങളില്‍ ഗപ്പി മത്സ്യത്തെ നിക്ഷേപിക്കുക, അബേറ്റ് ലായനി തളിക്കുക, ഉറവിട നശീകരണം നടത്തുക, വീടിനകത്തും പുറത്തും കൊതുകുവളരാനുള്ള ഉറവിടങ്ങള്‍ ഇല്ലാതാക്കുക എന്നിവയെല്ലാമാണ് ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here