പ്രതികാരമായി ലൈംഗികമായി ആക്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യം; ദിലീപിനെതിരെ ഹൈക്കോടതി

കൊച്ചി: പ്രതികാരമായി ലൈംഗികമായി ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് ഹൈക്കോടതി. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തില്‍ ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി താരത്തിനെതിരെ നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. ദേശീയ പാതയില്‍ വച്ച് നടിയെ ഉപദ്രവിച്ചത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു. പ്രഥമ ദൃഷ്ട്യാ ദിലീപ് കുറ്റക്കാരനാണെന്ന് കോടതി ചൂണ്ടികാട്ടി. പ്രൊസിക്യുഷന്‍ വാദങ്ങള്‍ പൂര്‍ണമായും ശരിവെച്ച ഹൈക്കോടതി ക്രൂരമായ കുറ്റകൃത്യമാണ് നടന്നെന്നും വ്യക്തമാക്കി.

ഉന്നത സ്വാധീനമുളള വ്യക്തിയാണ് ദിലീപ്. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റീസ് സുനില്‍ തോമസ് ചൂണ്ടികാട്ടി. അപൂര്‍വ്വമായ കേസാണെന്നും നിരീക്ഷണമുണ്ട്. സൂഷ്മമായ ആസൂത്രണവും കൃത്യമായ ഗൂഢാലോചനയും നടന്നിട്ടുണ്ട്. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും കോടതി ചൂണ്ടികാട്ടി. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കേസില്‍ നിര്‍ണായക തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ വ്യാഴാഴ്ച വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എല്ലാ സാക്ഷി മൊഴികളും ദിലീപിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ വാദിച്ചത്. ചരിത്രത്തിലെ ആദ്യ ലൈംഗിക അതിക്രമ ക്വട്ടേഷന്‍ കേസാണെന്നും സംഭവത്തിന്റെ സൂത്രധാരന്‍ ദിലീപാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. മുദ്രവെച്ച കവറില്‍ കേസ് ഡയറിയും ഹാജരാക്കിയിട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here