വിസാ കാലാവധി കഴിഞ്ഞിട്ടും മടങ്ങിയില്ല; ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ ചൈനീസ് യുവതിയും സഹോദരനും വിയ്യൂര്‍ ജയിലില്‍

തൃശൂര്‍: ഉപേക്ഷിച്ചു കടന്ന മലയാളിയായ ഭര്‍ത്താവിനെ കണ്ടെത്താന്‍ അഞ്ചു വയസുകാരിയായ മകള്‍ക്കൊപ്പം കേരളത്തിലെത്തിയ ചൈനീസ് യുവതിയും സഹോദരനും ജയിലിലായി. വിസാ കാലാവധി കഴിഞ്ഞിട്ടും മടങ്ങാതിരുന്നതോടെയാണ യുവതിയെയും സഹോദരനെയും കുഞ്ഞിനെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്. കൊച്ചിയിലെ ആഢംബര ഫ്‌ലാറ്റില്‍ നിന്ന് പിടിയിലായ ഇവരെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇവരെ തടവിലാക്കിയത്.

കൊല്ലം സ്വദേശി ഹഫീസ് അനസിന്റെ ഭാര്യയും ചൈനക്കാരിയുമായ സിയാലിന്‍ ഹു എന്ന യുവതിയാണ് ഇയാളെ തേടി കേരളത്തിലെത്തിയത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചൈനയിലെത്തിയ ഹഫീസ് അനസും സിയാലിനും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ബന്ധത്തില്‍ ഒരു കുട്ടി ജനിച്ചതോടെ ഇടക്കിടെ ചൈനയിലെത്തി മടങ്ങിയിരുന്ന ഹഫീസ് പിന്നീട് എത്താതെയായിയി.

ഇതോടെയാണ് സഹോദരന്‍ സേങ് കീ ഹൂവിനൊപ്പം പെണ്‍ഞ്ഞിനെയുമായി യുവതി കേരളത്തിലെത്തിയത്. ഭര്‍ത്താവിനെ കണ്ടെത്താനാവാതെ കൊച്ചിയില്‍ താമസിച്ച് വരവെയാണ് ഇവര്‍ പോലീസ് പിടിയിലായത്. അറുപത് ദിവസം മാത്രമാണ് വിസ കാലാവധി ഉണ്ടായിരുന്നത്. അനധികൃതമായി രാജ്യത്ത് തങ്ങിയതിനാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്

മുമ്പൊരിക്കല്‍ യുവതി കേരളത്തിലെത്തിയപ്പോള്‍ ഇവരെ വിസാ കാലാവധി കഴിഞ്ഞും വീട്ടില്‍ താമസിപ്പിച്ചതിന് ഭര്‍ത്താവായ ഹഫീസിനെതിരെ കൊല്ലം കടയ്ക്കല്‍ പോലീസ് കേസെടുത്തിരുന്നു. ചൈനയില്‍ നിന്ന് സിയാലിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് നികുതി വെട്ടിച്ച് ആപ്പിള്‍ ഇറക്കുമതി ചെയ്ത് വിറ്റതിനും ഹഫീസിനെതിരെ കേസുണ്ട്. കാക്കനാട് ജയിലിലേക്ക് മാറ്റാനാണ് കോടതി നിര്‍ദ്ദേശിച്ചതെങ്കിലും വിദേശ തടവുകാരെ പാര്‍പ്പിക്കാന്‍ കാക്കനാട് ജയിലില്‍ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് ഇവരെ വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News