തിരുവനന്തപുരം: ഭൂമിയിടപാടില്‍ നടന്‍ ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് ആറു ഏക്കര്‍ 67 സെന്റ് ഭൂമി കൈവശം വെച്ചിരിക്കുന്നതായി രേഖകള്‍. ദിലീപിന്റെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ് സമാഹരിച്ച രേഖകള്‍ പ്രകാരമാണ് ഒരാള്‍ക്ക് കൈവശം വെയ്ക്കാന്‍ നിയമപരമായുള്ള ഭൂപരിധിക്ക് മുകളില്‍ ഭൂമി ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

മഞ്ജുവാര്യര്‍, ദിലീപ്, മകള്‍ മീനാക്ഷി എന്നിവരടങ്ങിയ കുടുംബത്തിന്റെ കൈവശം നിലവില്‍ 21.67 ഏക്കര്‍ ഭൂമിയാണ് രേഖകളില്‍ ഉള്ളത്. 1963ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി കൈവശം വെക്കാനുള്ള ഭൂപരിധി 15 ഏക്കറാണ്. അളവില്‍ കൂടുതല്‍ ഭൂമിയുണ്ടെങ്കില്‍ നിയമത്തിലെ 120എ പ്രകാരം റവന്യൂ വകുപ്പ് സബ് രജിസ്ട്രാറെ അറിയിക്കണമെന്നാണ് ചട്ടം.

ദിലീപിന്റെ കാര്യത്തില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല താലൂക്ക് ലാന്റ് ബോര്‍ഡ് മിച്ചഭൂമി കേസ് രജിസ്റ്റര്‍ ചെയ്യാനും നാളിതുവരെ തയ്യാറായിട്ടില്ല. കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ദിലീപിന്റെ നിയമവിരുദ്ധ ഭൂമിയിടപാടുകള്‍ക്ക് കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്നാണ് സൂചന.

ദിലീപിന്റെ ഭൂമിയിടപാട് സംബന്ധിച്ച രേഖകളില്‍ ഇപ്പോഴും വന്യൂ വകുപ്പിന് അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ആറു ഏക്കര്‍ 67 സെന്റ് മിച്ചഭൂമി ദിലീപ് കൈവശം വെച്ചിരിക്കുന്നതായി കണ്ടെത്താനായത്.