വിദ്യാഭ്യാസമേഖലയില്‍ വീണ്ടും കാവിവത്കരണം; ടാഗൂറിന്റെ ചിന്തകള്‍ വേണ്ട; ഗുജറാത്ത് കലാപത്തെക്കുറിച്ച് മിണ്ടരുത്; ആര്‍ എസ് എസിനെ ഹിന്ദുസംഘടനയെന്നും പറയരുത്

ദില്ലി:ഇന്ത്യന്‍ ജനതക്കുമേല്‍ ഗോരക്ഷയുടെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയതിന് പിന്നാലെ രാജ്യത്തെ വിദ്യാലയങ്ങളേയും വര്‍ഗ്ഗീയവത്കരിക്കാനുള്ള ശ്രമങ്ങളുമായി ആര്‍എസ്എസ് രംഗത്ത്. ആര്‍എസ്എസ് പ്രവര്‍ത്തകനും ശിക്ഷ സന്‍സ്‌കൃതി ഉത്തഹാന്‍ ന്യാസ് എന്ന സ്ഥാപനത്തിന്റെ തലവനുമായ ദിന നാഥ് ബാത്ര നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ്(എന്‍സിഇആര്‍ടി)ന് നല്‍കിയ ശുപാര്‍ശകളാണ് പാഠപുസ്തകങ്ങളിലെ വര്‍ഗ്ഗീയവത്കരണത്തിന്റെ പുതിയ പതിപ്പായി മാറിയിരിക്കുന്നത്.

വിപ്ലവകവിയായ പാഷിന്റെ കവിത, രവീന്ദ്രനാഥ് ടാഗോറിന്റെ ചിന്തകള്‍, ചിത്രകാരന്‍ എംഎഫ് ഹുസൈന്റെ ആത്മകഥയിലെ ഭാഗങ്ങള്‍, മുഗള്‍ രാജാക്കന്‍മാര്‍ കരുണയുള്ളവരെന്ന ഭാഗം, ബിജെപി ഒരു ഹിന്ദു സംഘടന, നാഷണല്‍ കോണ്‍ഫറന്‍സ് മതേതര സംഘടനയാണ്, 1984ലെ കലാപത്തില്‍ മന്‍മോഹന്‍ സിംഗിന്റെ മാപ്പപേക്ഷ, ഗുജറാത്ത് കലാപത്തില്‍ 2,000 മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടത് തുടങ്ങി സര്‍ക്കാരിനെ വെട്ടിലാക്കുന്ന മുഴുവന്‍ പരാമര്‍ശങ്ങളും പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന ശുപാര്‍ശയാണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ എന്‍സിഇആര്‍ടിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

സ്‌കൂള്‍ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങളെ സംബന്ധിച്ച പൊതു അഭിപ്രായം ആരായാന്‍ എന്‍സിഇആര്‍ടി നടത്തിയ ശ്രമമാണ്, വര്‍ഗ്ഗീയ അജണ്ടകള്‍ മറച്ചുവെക്കുന്നതിനുള്ള വേദിയാക്കി മാറ്റാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്. എന്‍സിഇആര്‍ടിക്ക് നല്‍കിയ ശുപാര്‍ശയില്‍ വിവിധ പാഠപുസ്തകങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ വരുത്തേണ്ടവ മാര്‍ക്ക് ചെയ്യുകയോ അടിവരയിടുകയോ ചെയ്ത് സമര്‍പ്പിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയുടെ മുന്‍ തലവന്‍ കൂടിയാണ് ബാത്ര

പല പാഠഭാഗങ്ങളും അടിസ്ഥാനമില്ലാത്തതും പക്ഷംപിടിക്കുന്നതുമാണ്. ഒരു വിഭാഗത്തില്‍ പെട്ടവരെ അധിക്ഷേപിക്കുന്നതാണവ. കലാപത്തെ കുറിച്ച് പറഞ്ഞ് എങ്ങനെ വിദ്യാര്‍ഥികളെ പഠിപ്പിക്കാനാകും. മഹാന്‍മാരായ ശിവജി മഹാറാണ പ്രതാപ്, വിവേകാനന്ദന്‍, സുഭാഷ് ചന്ദ്ര ബോസ്, എന്നിവര്‍ക്ക് ഒരുസ്ഥാനവും പുസ്തകത്തില്‍ നല്‍കിയിട്ടില്ല; ന്യാസിന്റെ സെക്രട്ടറിയും പ്രമുഖ ആര്‍എസ്എസ് പ്രചാരകനുമായ അതുല്‍ കോത്താരി പറഞ്ഞു. ആക്ഷേപകരമായ ഇത്തരം രീതികള്‍ക്ക് മാറ്റം വരുത്തുന്നതിനുള്ള ശുപാര്‍ശകളാണ് നല്‍കിയിരിക്കുന്നതെന്നും കോത്താരി വ്യക്തമാക്കി.

നീണ്ട പട്ടികയാണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം, എകെ രാമാനുജന്റെ ഉപന്യാസമായ ത്രീ ഹണ്ട്രഡ് രാമായണാസ്: ഫൈവ് എക്‌സാംപിള്‍സ് ആന്റ് ത്രി തോട്‌സ് ഓണ്‍ ട്രാന്‍സ്‌ലേഷന്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ പാഠ്യഭാഗമാക്കുന്നതിനെതിരേയും വെന്‍ഡി ഡോണിഗേഴ്‌സിന്റെ ‘ ദ ഹിന്ദൂസ് എന്ന പുസ്തകം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ടും ആര്‍എസ്എസ് നേരത്തെ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ രാമാനുജന്റെ ഉപന്യാസം നീക്കം ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

1984ല്‍ കോണ്‍ഗ്രസിന് ലഭിച്ച മൃഗീയ ഭൂരിപക്ഷത്തെ കുറിച്ച് പറയുന്ന പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ 1977ലെ തെരഞ്ഞെടുപ്പ് ഫലം നല്‍കിയിട്ടില്ല എന്നതാണ് ഇത് വിലക്കണം എന്നാവശ്യപ്പെടുന്നതിന് നല്‍കിയിരിക്കുന്ന വിശദീകരണം. പ്ലസ്റ്റു പാഠപുസ്തകത്തില്‍ ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് മതേതര സംഘടനയാണെന്ന വിവരണമാണ് ആര്‍എസ്എസിനെ ചൊടിപ്പിച്ചത്.

നിരവധി അറബി, ഉറുദു, ഇംഗ്ലീഷ് വാക്കുകളും പിന്‍വലിക്കണമെന്ന് ന്യാസ് നല്‍കിയ ശുപാര്‍ശയിലുണ്ട്. വൈസ് ചാന്‍സലര്‍, വര്‍ക്കര്‍, മാര്‍ജിന്‍, ബിസിനസ്, ബാക്ക് ബോണ്‍, സ്റ്റാന്‍സ, റോയല്‍ അക്കാദമി എന്നീ ഇംഗ്ലീഷ് വാചകങ്ങളും, ഇമാന്‍, അക്‌സര്‍, താക്കത് തുടങ്ങി നിരവധി ഉറുദു വാക്കുകളും ഹിന്ദി പുസ്തകത്തില്‍ നിന്നും പിന്‍വലിക്കണമെന്നും ശുപാര്‍ശയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News