പത്തുവയസുകാരനെ കരിങ്കല്ലിലേക്ക് എടുത്ത് എറിഞ്ഞ് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരത; ആക്രമണം പീഡനക്കേസിലെ എംഎല്‍എയെ സംരക്ഷിക്കുന്നതിനിടെ; തടയാനെത്തിയ മാതാവിനും മര്‍ദനം

തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കരയില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ ഗുണ്ടാ വിളയാട്ടത്തില്‍ പത്ത് വയസുകാരന്റെ കൈ ഒടിഞ്ഞു. തടയാനെത്തിയ അമ്മയെയും യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. കോണ്‍ഗ്രസ് പ്രകടനം കണ്ട് നിന്ന ബാലനെയാണ് കോണ്‍ഗ്രസ് ഗുണ്ടകള്‍ മര്‍ദിച്ചത്.

ഈ കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം ആണ് സംഭവം. എം വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍ക്കര പൊലീസ് സ്റ്റേഷന്‍ മുന്നില്‍ അഴിഞ്ഞാടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിക്രമത്തിലാണ് സ്റ്റേഷന് മുന്നില്‍ താമസിക്കുന്ന ആകാശ് കൃഷ്ണ എന്ന പത്ത് വയസുകാരന്റെ കൈ ഒടിഞ്ഞത്. തന്റെ വീടിന് മുന്നില്‍ ചാനല്‍ പടയും ഓബി വാനും കണ്ടതിന്റെ കൗതുകത്തില്‍ സംഘര്‍ഷം നോക്കി നില്‍ക്കുകയായിരുന്നു ആകാശ് കൃഷ്ണ.

വീടിന്റെ അരികിലായി എംഎല്‍എയെ കരികൊടി കാണിക്കാന്‍ ചില ബിജെപി പ്രവര്‍ത്തകരും എത്തി. ഇതോടെ പ്രകോപിതരായ യൂത്ത് കോണ്‍ഗ്രസുകാര്‍ ആക്രോശവുമായി അവര്‍ക്ക് നേരെ തിരിഞ്ഞു. മുറ്റത്ത് കൂടി ഓടുന്നതിനിടെ വഴിയില്‍ നിന്ന ആകാശ് കൃഷ്ണയെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കല്ലിലേക്ക് എടുത്ത് എറിയുകയായിരുന്നു. തടയാന്‍ ശ്രമിച്ച അമ്മ രാജിയെ ചെകിട്ടില്‍ അടിച്ചു. ശേഷം തളളി താഴെയിട്ടു. നിലവിളി കേട്ട് ഇറങ്ങി വന്ന ഓട്ടോ റിക്ഷാ ഡ്രൈവറായ അച്ഛന്‍ അജിത്തിനെ കേട്ടാലറക്കുന്ന അസഭ്യം കൊണ്ട് മൂടി. കരിങ്കല്ലിലേക്ക് ചെന്ന് വീണ വീഴ്ച്ചയുടെ ആഘാതത്തില്‍ ആകാശ് കൃഷ്ണയുടെ കൈ ഒടിഞ്ഞ് തൂങ്ങി. ഭാഗ്യത്തിനാണ് തലയിടിക്കാതിരുന്നതെന്ന് അമ്മ രാജി പറഞ്ഞു. നടന്ന സംഭവത്തെ നടുക്കത്തോടാണ് ആകാശ്കൃഷ്ണയും ഓര്‍ക്കുന്നത്.

അപകടം ഉണ്ടായ ശേഷം ഒരു ക്ഷമാപണം പോലും പറയാനുളള മര്യാദ കോണ്‍ഗ്രസുകാര്‍ക്ക് ഇല്ലാതെ പോയെന്ന് അച്ഛന്‍ അജിത്ത് രോക്ഷത്തോടെ പീപ്പിളിനോട് പറഞ്ഞു. പൊലീസിനും മാധ്യമപ്രവര്‍ത്തരുടെ നേരെയും ആക്രോശമുയര്‍ത്തിയ സംഘത്തില്‍പ്പെട്ടവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞതായി നെയ്യാറ്റിന്‍ക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് അരുണ്‍ പീപ്പിളിനോട് പറഞ്ഞു.

കൈ ഒടിഞ്ഞതോടെ ആകാശ് കൃഷ്ണയുടെ സ്‌കൂളില്‍ പോക്ക് പോലും മുടങ്ങിയിരിക്കുകയാണ്. കുഞ്ഞിനെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നെയ്യാറ്റിന്‍കര പൊലീസ് കേസ് എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News