രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ദില്ലി: രാജ്യത്തിന്റെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.

രാവിലെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഖട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലെത്തും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദും കുതിരപ്പടയുടെ അകമ്പടിയോടെ ഒരേ വാഹനത്തില്‍ പാര്‍ലമെന്റിലേക്ക് നീങ്ങും. പാര്‍ലമെന്റിനകത്ത് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, രാജ്യസഭ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

തുടര്‍ന്ന് സെന്‍ട്രല്‍ ഹാളില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് പ്രണബ് മുഖര്‍ജി രാംനാഥ് കോവിന്ദിന് കസേര കൈമാറും. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പുതിയ രാഷ്ട്രപതിയെ രാഷ്ട്രപതി ഭവനിലേക്ക് ആനയിക്കും.

രാഷ്ട്രപതി ഭവന്‍ ചുറ്റി കണ്ടതിനു ശേഷം സ്ഥാനമൊഴിയുന്ന പ്രണബ് മുഖര്‍ജിക്കൊപ്പം അദ്ദേഹത്തിന്റെ പുതിയ വസതിയായ രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വസതിയിലേക്ക് പോകും. പിന്നീട് രാഷ്ട്രപതി ഭവനിലേക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News