അഴിമതിയില്‍ മുങ്ങിക്കുളിച്ച് ബിജെപി; നേതാക്കളുടെ അഴിമതിക്കഥകള്‍ വിശദീകരിക്കുന്ന കത്ത് പീപ്പിള്‍ ടിവിക്ക്; വനിതാ നേതാക്കളുടെ തനിനിറവും പുറത്ത്; കത്തില്‍ ‘അവിഹിതഗര്‍ഭ’ത്തിന്റെ കഥയും

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അഴിമതിക്ക് പുറമെ ബിജെപി നേതൃത്വത്തിന് തിരിച്ചടിയായി അഴിമതിക്കഥകള്‍ വിശദീകരിക്കുന്ന കത്ത് പുറത്ത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് പാര്‍ട്ടി നേതൃത്വം, തലകുനിച്ച് പ്രവര്‍ത്തകര്‍ പൊതുസമൂഹത്തില്‍ എന്ന തലക്കെട്ടോടെയാണ് കത്ത് പ്രചരിക്കുന്നത്.

കോടികളുടെ അഴിമതിക്കഥകള്‍ പറയുന്ന കത്തില്‍ സംസ്ഥാന നേതാക്കളുടെ പേര് പറയാതെതന്നെ നേതാക്കളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രചരിക്കുന്ന കത്ത് തിരുവനന്തപുരത്ത് നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാര്‍ട്ടിക്കു വേണ്ടി ജീവത്യാഗം ചെയ്തവരെ വിസ്മരിച്ചു കൊണ്ട് കോടിക്കണക്കിന് രൂപയാണ് നേതാക്കള്‍ വാരിക്കൂട്ടുന്നത്. സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ പോലും ഇതിന് കൂട്ടുനില്‍ക്കുന്നു എന്ന് തുടങ്ങുന്ന കത്ത് ചില സംസ്ഥാന നേതാക്കള്‍ മുതല്‍ ജില്ലാ നേതാക്കള്‍ വരെയുള്ളവരുടെ സ്വത്ത് വിവരങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് മത്സരിച്ച നേതാവ് രണ്ടരലക്ഷം പ്രതിമാസ ചെലവോടെ സമാന്തര ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നു. ഇദ്ദേഹത്തിന് കോഴിക്കോട് നഗരത്തില്‍ സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്. മെഡിക്കല്‍ കോളേജ് അഴിമതി അന്വേഷിച്ച കമ്മീഷനംഗം വണ്ടിച്ചെക്ക് കേസിലെ പ്രതിയാണ്. മുന്‍ എസ്എഫ്‌ഐ നേതാവായ, ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വളര്‍ച്ച ഞെട്ടിക്കുന്നതാണ്. 2011ല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച ഇദ്ദേഹത്തിന്റെ ആസ്തി 24 ലക്ഷമാണെന്നും രണ്ടു സംസ്ഥാന നേതാക്കള്‍ക്കൊപ്പം ഇദ്ദേഹം മംഗലാപുരത്ത് ടിന്‍ ബിയര്‍ കമ്പനി നടത്തുന്നുവെന്നും.

തിരുവനന്തപുരം ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് സമയത്ത് അനധികൃതമായി കോടികള്‍ പിരിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പരാതിയുണ്ടെന്നും കത്തിന്റെ ആദ്യഭാഗത്ത് വിവരിക്കുന്നു. പാലക്കാട്ടെ ഒരു പ്രമുഖ ആശുപത്രിയിലെ രണ്ടു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ജില്ലയിലെ ഒരു സംസ്ഥാന സെക്രട്ടറി നാലു കോടി രൂപ വാങ്ങി എന്നു തുടങ്ങുന്നതാണ് കത്തിന്റെ രണ്ടാം ഭാഗം. തീര്‍ന്നില്ല അഴിമതിയുടെ കെട്ടഴിക്കല്‍. തൃശൂര്‍ ജില്ലയിലെ ഒരു പ്രമുഖ നേതാവ് അഞ്ചു കോടി മുതല്‍ മുടക്കില്‍ ഒരു ടൈല്‍ ഫാക്ടറി വാങ്ങി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മാരാര്‍ജി ഭവനിലെത്തിയ ഒരു ഒരു ഐടി വിദഗ്ദനും ലക്ഷങ്ങള്‍ വെട്ടിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ബള്‍ക്ക് മെസേജ് എന്ന ന്യൂതന സങ്കല്‍പ്പവുമായി മാരാര്‍ജി പടിക്കലെത്തിയ പ്രമുഖനായൊരു കോണ്‍ഗ്രസുകാരന്‍ സംസ്ഥാന കമ്മറ്റി ഓഫീസിലെ സെക്രട്ടറിയായി മാറി. പാര്‍ട്ടിയിലെ ഏക വനിതാ ജനറല്‍ സെക്രട്ടറി കാല്‍കോടി വിലയുള്ള ആഡംബരവാഹനം സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പ് നാലു സ്യൂട്ട്‌കേസുകളിലായി ഒരു നേതാവ് കോടിക്കണക്കിന് രൂപ കടത്തിയെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു.

തലസ്ഥാനത്തെ ഒരു കൗണ്‍സിലര്‍ അവിഹിതഗര്‍ഭത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ്. ഇതിനൊക്കെ മറുപടി പറയാന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ പ്രസ്ഥാനത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരബലിദാനികള്‍ പൊറുക്കില്ലെന്നും ആരോപണവിധേയര്‍ക്കെതിരെ കര്‍ശന നിലപാടെടുത്തില്ലെങ്കില്‍ ബൂത്ത് തലം മുതല്‍ സേവ് ബിജെപി ഫോറം എന്ന ബദല്‍ സംവിധാനം മുളപൊട്ടുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

ഏതായാലും ഈ കത്തിലൂടെ അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുന്ന ബിജെപിയുടെ തനിനിറം പുറത്താകുക തന്നെയാണ്. ഈ കത്ത് എല്ലാം ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീട്ടില്‍ എത്തി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here