കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ബിജെപി ദേശീയനേതാവടക്കം ഏഴു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ഡോ. കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി ദേശീയനേതാവടക്കം ഏഴു പേര്‍ അറസ്റ്റില്‍. ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കള്‍, ഗണ്‍മാന്‍ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, രമേശ്, സുനില്‍ എന്നിവരെയാണ് പിടികൂടിയത്.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. മൂന്നു വാഹനങ്ങളിലെത്തിയ സംഘം വീടിന്റെ ഗേറ്റ് ചാടിക്കടന്ന് വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ നാട്ടുകാര്‍ നാലുപേരെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. അസ്ലം ഗുരുക്കള്‍ ഉള്‍പ്പെടെ മൂന്നുപേരെ കോഴിക്കോട്ട് നിന്നാണ് പിടികൂടിയത്. രണ്ട് തോക്കുകളും സംഘത്തില്‍നിന്ന് പിടിച്ചെടുത്തു. സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമമാണ് പിന്നിലെന്ന് പൊലീസ് പറയുന്നു.

റബീയുള്ളയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനം ആക്രമിസംഘം അടിച്ചുതകര്‍ക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നില്‍ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരങ്ങള്‍. സംഘം എത്തിയ മൂന്നു വാഹനങ്ങളും പൊലീസിന്റെ കസ്റ്റഡിയിലാണ്.

അതേസമയം, അസ്ലം ഗുരുക്കള്‍ റബീയുള്ളയുടെ സുഹൃത്താണെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നുമാണ് അവകാശപ്പെടുന്നത്. റബീയുള്ളയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാനെത്തിയതാണെന്നും സംഘം പൊലിസിനോട് പറഞ്ഞെങ്കിലും മുഖവിലക്കെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.

കഴിഞ്ഞകുറെ മാസങ്ങളായി റബീയുള്ളയെ കാണാനില്ലെന്നും ഒളിവിലാണെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. ഇതിന് പിന്നാലെ റബീയുള്ള കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. താന്‍ ചികിത്സയില്‍ ആയിരുന്നെന്നും അതുകൊണ്ടാണ് പൊതുസമൂഹത്തില്‍ നിന്ന് ഇതുവരെ ഒഴിഞ്ഞുനിന്നതെന്നുമാണ് റബീയുള്ള അന്ന് പറഞ്ഞത്. താന്‍ ഇപ്പോള്‍ മലപ്പുറത്തെ കോഡൂരിലെ വീട്ടിലാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വീഡിയോ പുറത്തുവന്ന ദിവസങ്ങള്‍ക്കുള്ളിലാണ് തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News