കൊച്ചി: ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലാല്‍ പിതാവും നടനുമായ ലാല്‍. ഒരു സീനില്‍ മാത്രം അഭിനയിക്കാന്‍ എത്തിയതാണ് പരാതിക്കാരിയായ ആ നടിയെന്നും അവരുടെ പെരുമാറ്റം മോശമായിരുന്നെന്നും ലാല്‍ പറഞ്ഞു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസന്വേഷണം പുരോഗമിക്കുന്ന ഈ സാഹചര്യത്തിൽ എന്ത് പറഞ്ഞാലും വാർത്തയാകും. പരാതിയുമായി രംഗത്തെത്തിരിക്കുന്ന യുവനടി നനഞ്ഞിടം കുഴിക്കുകയാണെന്നും ലാല്‍ പറഞ്ഞു.
കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് ലാൽ വിവരിച്ചതിങ്ങനെ:
കഴിഞ്ഞ വർഷമാണ് ഹണിബീ ടൂ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചെറിയ സീനിൽ അഭിനയിക്കാനായി ഈ നടി ലൊക്കേഷനിലെത്തിയത്. ഈ സീൻ ആദ്യം എടുക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ശ്രീനിവാസന് ശരീരസുഖമില്ലാതിരുന്നതിനാൽ അദ്ദേഹം ഉൾപ്പെട്ട സീനാണ് ആദ്യം ചിത്രീകരിച്ചത്. അപ്പോൾ തന്നെ നടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അന്ന് വൈകിയാണ് പിന്നീട് രംഗം ചിത്രീകരിച്ചത്.
അടുത്ത ദിവസം ബാക്കി ഭാഗം ചിത്രീകരിക്കാനായി വിളിപ്പിച്ചപ്പോൾ തനിക്ക് ഇപ്പോൾ പറ്റില്ലെന്ന് നടി പറഞ്ഞു. അങ്ങനെയെങ്കിൽ മടങ്ങിപ്പൊക്കോളാൻ ജീൻ പറഞ്ഞു. നടി സെറ്റിൽ നിന്ന് പോവുകയും ചെയ്തു. സീൻ മുഴുമിപ്പിക്കാത്തതിനാൽ അന്ന് പ്രതിഫലം നൽകിയില്ല. പിന്നീട് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി വക്കീൽ നോട്ടീസ് അയച്ചു. പ്രതിഫലമായി അന്ന് പറഞ്ഞ മുഴുവൻ തുകയും നൽകാമെന്ന് പറഞ്ഞെങ്കിലും 10 ലക്ഷം നഷ്ടപരിഹാരമായി വേണമെന്നും ജീൻ പോൾ ടിവിയിൽ വന്ന് മാപ്പ് പറയണമെന്നും നടി വാശി പിടിച്ചു.അങ്ങനെയെങ്കിൽ നിയമപരമായിത്തന്നെ നേരിടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ലാൽ പറഞ്ഞു.
അശ്ലീല ചുവയോടെ സംസാരിച്ചു എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. താനൊ മകനൊ അത്തരത്തിൽ പെരുമാറുന്നവരല്ല. ഒരുപാടു സ്ത്രീകൾ അഭിനയിച്ച സിനിമയാണ് ഹണി ബീ ടു .അവരോട് ചോദിച്ചാൽ അക്കാര്യം അറിയാം.
എന്ത് പറഞ്ഞാലും വാർത്തയാകുമെന്നറിഞ്ഞുകൊണ്ട് നടി സാഹചര്യം മുതലെടുക്കുകയാണ്. പോലീസ് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. ഈ നടി ഇടയ്ക്കുവെച്ച് പോയതിനാൽ സ് ക്രിപ്റ്റിൽ മാറ്റം വരുത്തിയതും മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളും ധനനഷ്ടവും എല്ലാം പോലീസിനെ ബോധിപ്പിച്ചിട്ടുണ്ടെന്നും ലാൽ പ്രതികരിച്ചു.
നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ പനങ്ങാട് പൊലീസാണ് ജീന്‍ പോളിനെതിരെ കേസെടുത്തത്. നടന്‍ ശ്രീനാഥ് ഭാസി, സിനിമാ അണിയറപ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു.
ഹണിബീ-2 സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും അശ്ലീലമായി സംസാരിച്ചെന്നുമാണ് എറണാകുളം സ്വദേശിനിയായ നടിയുടെ പരാതി. 2016 നവംബര്‍ 16ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സി.ഐ രേഖപ്പെടുത്തി. അശ്ലീലസംസാരം, വഞ്ചാനകുറ്റം എന്നീ വകുപ്പ് ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
ഹണിബീ, ഹായ് ഐ ആം ടോണി, ഹണിബീ-2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍.
Get real time update about this post categories directly on your device, subscribe now.